സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്നു വയസുള്ള മകനും യുഎസില്‍ മുങ്ങി മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ധനശേഖരണം. ഗുണ്ടൂര്‍ സ്വദേശിയും ഇന്‍ഫോസിസില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറുമായ നാഗരാജു സുരെപള്ളി (31), മൂന്നു വയസ്സുള്ള മകന് ആനന്ത് എന്നിവരാണ് ചൊവ്വാഴ്ച മിഷിഗണില്‍ മുങ്ങി മരിച്ചത്. ഭാര്യയ്ക്കും ഇളയ കുഞ്ഞിനുമൊപ്പം അമേരിക്കയില്‍ താമസിച്ചു വരികയായിരുന്നു നാഗരാജു.
ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ നീന്തല്‍ കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളത്തിന് സമീപത്തുകൂടി ക്ലബ് ഹൗസിലേക്ക് പോയ ദമ്പതികളാണ് മൃതദേഹങ്ങള്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടതും പോലീസിനെ അറിയിച്ചിതും. നീന്തല്‍ വസ്ത്രത്തിലല്ല ഇവരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മകന് ട്രൈസൈക്കിള്‍ ഓടിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങി മരിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം.
മരണം സംഭവിക്കുമ്പോള്‍ നാഗരാജു ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും അദ്ദേഹം നീന്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാണെന്നും ലോക്കല്‍ പൊലീസ് മേധാവി ഡേവിഡ് മല്ലോയ് പറഞ്ഞു. ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സമൂഹവും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 150,000 ഡോളര്‍ ആവശ്യമായതിനാല്‍ ഇതിനായി കുടുംബാങ്ങളും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും ചേര്‍ന്ന് ധനശേഖരണ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല