സ്വന്തം ലേഖകന്‍: ഐ.എസ്.ആര്.ഒ ചാരക്കേസിലെ നമ്പി നാരായണന്റെ ആത്മകഥ വരുന്നു, കേസിനെപ്പട്ടി സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് സൂചന. കേസ് സംബന്ധിച്ച വിവാദ വെളിപ്പെടുത്തലുകളുമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.ജി.പി സിബി മാത്യുസിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയാണ് കേസിലെ കുറ്റാരോപിതനായിരുന്ന നമ്പി നാരായണനും ആത്മകഥ പുറത്തിറക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന തന്റെ ആത്മകഥ ജൂലൈയില്‍ പുറത്തിറങ്ങുമെന്ന് നമ്പി നാരായണന് പറഞ്ഞു.
1998 ലാണ് നമ്പി നാരായണനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയത്. അന്ന് മുതല്‍ സിബി മാത്യൂസ് അടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിലാണ് നമ്പി നാരായണന്. തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കിയ ചാരക്കേസിന് പിന്നിലെ രാഷ്ട്രീയക്കളികളെക്കുറിച്ച് നമ്പി നാരായണന് തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. പുസ്തകത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ബ്ലൂംസ് ബെറിയാണ് പുസ്തക പ്രസാദകര്‍.
സിബി മാത്യൂസ് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ 23 വര്‍ഷം മുമ്പ് അദ്ദേഹത്തിന് തുറന്ന് പറയാമായിരുന്നെന്ന് നമ്പി നാരായണന് പറഞ്ഞു. എന്തിനാണ് സിബി മാത്യൂസ് ഈ വെളിപ്പെടുത്തലുകള്‍ക്കായി 23 വര്‍ഷം കാത്തിരുന്നതെന്നും നമ്പി നാരായണന് ചോദിക്കുന്നു. ഇപ്പോള്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയത് പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാകാമെന്നും നമ്പി നാരായണന് കൂട്ടിച്ചേര്‍ത്തു.
നമ്പി നാരായണനും ഐ.എസ്.ആര്.ഒയിലെ ചില ശാസ്ത്രജ്ഞരും ചേര്‍ന്ന് ശാസ്ത്ര രഹസ്യങ്ങള്‍ മാലിദ്വീപ് സ്വദേശിനിയായ യുവതിക്ക് ചോര്‍ത്തിക്കൊടുത്തു എന്നാണ് കേസ്. കേസില്‍ 1996 ല്‍ നമ്പി നാരായണനെ കുറ്റവിമുക്തനാക്കി. 1998ല്‍ സുപ്രീം കോടതി ഇത് ശരിവച്ചു. 2012 ല്‍ നമ്പി നാരായണന്റെ പരാതിയില്‍ അദ്ദേഹത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിടുകയും കേരള ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല