സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം, ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ച് കയറ്റി, രണ്ടു മരണം, നഗരം ഭീതിയുടെ നിഴലില്‍. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജ് പൂര്‍ണമായി അടച്ചു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരേയും കൃത്യമായി ലഭ്യമായിട്ടില്ല.
ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. അക്രമികളില്‍ രണ്ട് പേരെ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് കൊലപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബോറോ മാര്‍ക്കറ്റില്‍ അക്രമികള്‍ ആളുകളെ കുത്തി വീഴ്ത്തിയതായും വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും ഈ വാര്‍ത്തയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കത്തിയുമായി അക്രമം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തതായും രണ്ട് ആക്രമണങ്ങളിലുമായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിലെ അരിയാനയില്‍ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണമാണ് ഉണ്ടായതെന്നും ഇതേക്കുറിച്ച് അടിയന്തര അന്വേഷണം നടക്കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ വ്യക്തമാക്കി. സംഭവം തീര്‍ത്തും അപലപനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമാണെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല