സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടി ലോകം പങ്കിടുന്ന പാരമ്പര്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണൂമായുള്ള കൂടിക്കാഴ്ചയില്‍ മോദി, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവും ഭീകരവാദ ഭീഷണിയും പ്രധാന ചര്‍ച്ചയായി. യുറോപ്യന്‍ പര്യടനത്തിന്റെ മൂന്നാം ഘട്ടമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി കൂടികാഴ്ച നടത്തിയത്. ഭീകരവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ആഗോളതാപനം കുറയ്ക്കാന്‍ വേണ്ടിയുള്ള 2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു യുഎസ് പിന്മാറുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു മറുപടിയായാണു ഇന്ത്യ വീണ്ടും നിലപാട് വ്യക്തമാക്കിയത്. ഭൂമിയെയും പ്രകൃതിസമ്പത്തിനെയും സംരക്ഷിക്കുന്നതു കര്‍ത്തവ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ കൂടി ഭാഗമാണിത്. കാലാവസ്ഥാ സംരക്ഷണത്തിന് ഫ്രാന്‍സും പ്രതിജ്ഞാബദ്ധമാണെന്ന് മാക്രോണ്‍ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ഇന്ത്യയുടെ പോരാട്ടത്തിനു പൂര്‍ണപിന്തുണയും ഫ്രാന്‍സ് വാഗ്ദാനം ചെയ്തു.
ഫ്രാന്‍സുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് തുടക്കം കുറിച്ചതായി മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഉഭയകക്ഷി താല്പര്യമുള്ള വിഷയങ്ങളില്‍ ഫ്രഞ്ച് പ്രസിഡന്ായുള്ള ചര്‍ച്ചക്കായി കാത്തിരിക്കുന്നുവെന്നും, കൂടികാഴ്ചക്ക് തൊട്ടുമുന്‍പെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇന്റര്‍നാഷ്ണല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തിലും,മറ്റ് യോഗങ്ങളിലും പങ്കെടുത്തതിന് ശേഷമാണ് നരേന്ദ്രമോദി ഫ്രാന്‍സിലെത്തിയത്.
ആറ് ദിവസത്തെ പര്യടനത്തിലൂടെ ജര്‍മനി, ഫ്രാന്‍സ്,സ്പെയിന്, റഷ്യ എന്നിവിടങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ മാസം 31ന് സ്പെയിനില്‍ പ്രസിഡന്റ് മരിയാനോ രജോയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് റഷ്യയിലെത്തിയ മോദി സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ പതിനെട്ടാമത് ഇന്ത്യറഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിനൊപ്പം പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല