1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2017

സ്വന്തം ലേഖകന്‍: ഭീകര സംഘടനകളിലേക്ക് ഗള്‍ഫില്‍ നിന്ന് പണം ഒഴുകുന്നതിനെപ്പറ്റി സൗദി സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഖത്തര്‍ പ്രശ്‌നത്തില്‍ സൗദിയെ പിന്തുണച്ച് ട്രംപ്. ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനെതിരേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേതാക്കള്‍ ഖത്തറിനു നേരെയാണു വിരല്‍ ചൂണ്ടിയത്,’ ട്രംപ് ട്വീറ്റ് ചെയ്തു. ഇതു ഭീകരതയുടെ അവസാനമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് പദവിയിലേറിയശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു സൗദിയിലേത്.

റാഡിക്കല്‍ ചിന്താഗതിയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നു മധ്യപൂര്‍വേഷ്യ സന്ദര്‍ശനത്തില്‍ വിവിധ ലോകനേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ട്രംപ് വ്യക്തമാക്കി. ഇത്തരം സാമ്പത്തിക പിന്തുണ നല്‍കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ നീക്കത്തില്‍ ആദ്യമായാണ് ട്രംപ് വിശദീകരണം നല്‍കുന്നത്.

അതിനിടെ, മുഖ്യധാര അമേരിക്കന്‍ മാധ്യമങ്ങളെ ആക്ഷേപിക്കാനും ട്രംപ് മറന്നില്ല. സിഎന്‍എന്‍, എന്‍ബിസി, എബിസി, സിബിഎസ്, വാഷിങ്ടന്‍ പോസ്റ്റ്, എന്‍വൈ ടൈംസ് തുടങ്ങിയവയിലെ വ്യാജ വാര്‍ത്തകളെ വിശ്വസിച്ചിരുന്നെങ്കില്‍ താന്‍ വൈറ്റ് ഹൗസില്‍ എത്തുമായിരുന്നില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങള്‍ താന്‍ ഉപയോഗിക്കാതിരിക്കാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ വ്യാജ വാര്‍ത്തക്കാര്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.