സ്വന്തം ലേഖകന്‍: മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകരെ വെടിവെച്ചു കൊന്നത് പോലീസ് തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍, സമരക്കാരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് കര്‍ഷകരെ പോലീസ് വെടിവച്ച് കൊന്നത് തന്നെയെന്ന് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ സമ്മതിക്കുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.
കര്‍ഷകരെ വെടിവച്ച് കൊന്നത് പോലീസല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ മധ്യപ്രദേശ് സര്‍ക്കാര്‍. വെടിവപ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട് മൂന്നാം ദിവസമാണ് പോലീസാണ് വെടിവച്ചതെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. കര്‍ഷകര്‍ കൊല്ലപ്പെട്ടത് പോലീസ് വെടിവയ്പ്പിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട കര്‍ഷകരുടെ ശരീരത്തില്‍ നിന്നും പോലീസ് ബുള്ളറ്റ് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
സംഭവത്തിന്റെ ഉത്തരവാദികള്‍ കളക്ടറും എസ്.പിയുമാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ഇവരെ സ്ഥലം മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ അവിടേക്ക് കടക്കുന്നത് പോലീസ് വിലക്കിയിട്ടുണ്ട്. വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ ഒന്ന് മുതലാണ് കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങിയത്.
സമരത്തിനെതിരെ നടന്ന പോലീസ് വെടിവയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ കര്‍ഷക പ്രക്ഷോഭം നടക്കുന്ന മംദസേര്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട രാഹുലിനെ മധ്യപ്രദേശ് അതിര്‍ത്തിയില്‍ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് വിലക്ക് മറികടന്നാണ് രാഹുല്‍ ഗാന്ധി മംദസേര്‍ സന്ദര്‍ശിക്കാനെത്തിയത്. കാറില്‍ നിന്നിറങ്ങി ബൈക്കില്‍ കയറിയ രാഹുല്‍ ഗാന്ധി പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
അല്പസമയത്തിനു ശേഷം വിട്ടയച്ചതോടെ അദ്ദേഹം മധ്യപ്രദേശ് രാജസ്ഥാന് അതിര്‍ത്തിയില്‍ വെച്ച് കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, കമല്‍നാഥ്, ശരദ് യാദവ്, സച്ചിന് പൈലറ്റ് തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല