അലക്സ് വര്‍ഗീസ്: ഭാരത അപ്പസ്തോലന് മാര്‍ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്ഫോന്സായുടെയും സംയുക്ത തിരുനാള്‍ യു കെയിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റ്ററില്‍ ഈ വര്‍ഷവും ഭക്തി പുരസരം ആഘോഷിക്കുന്നു. ജൂണ്‍ 25 ന് കൊടിയേറുന്നതോടെ ഒരാഴ്ച നീണ്ട് നില്കുന്ന തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് ഒരാഴ്ചക്കാലം മാഞ്ചസ്റ്റര്‍ ആഘോഷ ലഹരിയിലേക്ക് പ്രവേശിക്കും. കൊടിയേറ്റത്തെ തുടര്‍ന്ന് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ദിവ്യബലിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനാകും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. മലയാളത്തിലെ പ്രശസ്ത സിനിമാ പിന്നണി ഗായകനായ ജി.വേണുഗോപാല്‍ നേതൃത്വം കൊടുക്കുന്ന ഗാനമേളയാണ് ഇത്തവണത്തെ തിരുനാളിന്റെ മുഖ്യ ആകര്‍ഷണം. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഡോ. വാണി ജയറാമും മറ്റ് ഗായകരും ലൈവ് ഓര്‍ക്കസ്ട്രയോടൊപ്പം ഗാനമേളയില്‍ അണിനിരക്കും.
ഈ മാസം 25 ന് ഞായറാഴ്ചയാണ് ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാളിന് കൊടിയേറുന്നത്. ഇടവക വികാരി റവ.ഡോ.ലോനപ്പന് അറങ്ങാശ്ശേരിയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കൊടിയേറ്റുന്നത്. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, വി കുര്‍ബാനയും നടക്കും. കുര്‍ബാനയ്ക്ക് ശേഷം ഉത്പന്ന ലേലവും ഉണ്ടായിരിക്കും. ജൂണ്‍ 26 തിങ്കളാഴ്ച തിരുക്കര്‍മങ്ങള്‍ക്ക് റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, 27 ചൊവ്വാഴ്ച റവ.ഫാ.നിക്കോളാസ് കേണ്, 28 ബുധനാഴ്ച മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുര, 29 വ്യാഴാഴ്ച റവ.ഫാ. ജിനോ അരീക്കാട്ട്, 30 വെള്ളിയാഴ്ച മോണ്‍സിഞ്ഞോര്‍ ഡോ.തോമസ് പാറയടിയില്‍ എന്നിവര്‍ കാര്‍മ്മിരാകും.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഒന്നിന് രാവിലെ 10ന് മാഞ്ചസ്റ്റര്‍ തിരുനാളില്‍ ആദ്യമായി മുഖ്യകാര്‍മ്മികനായി പങ്കെടുക്കുന്ന ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനേയും മറ്റ് വൈദിക ശ്രേഷ്ടരേയും പരമ്പരാഗത രീതിയില്‍ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് തുടക്കമാകും. യു കെ യുടെ നാനാഭാഗങ്ങളില്‍ നിന്നുമായി നിരവധി വൈദികര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരാകും.
ദിവ്യബലിയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പൊന്‍ വെള്ളി കുരിശുകളുടേയും, മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ മാര്‍ തോമാശ്ശീഹായുടെയും, വി.അല്ഫോന്സായുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ച് കൊണ്ട് നഗര വീഥിയിലൂടെ നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസ ചൈതന്യം നിറഞ്ഞ് നിലക്കുന്നതാണ്. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും, പാച്ചോര്‍ നേര്‍ച്ച വിതരവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് ഫോറം സെന്ററില്‍ ജി.വേണുഗോപാല്‍ നയിക്കുന്ന ഗാനമേള ആരംഭിക്കും. സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഡോ. വാണി ജയറാമും മറ്റ് ഗായകരും വേണുഗോപാലിനൊപ്പം ഗാനമേളയില്‍ പങ്കെടുക്കും. പ്രമുഖ മ്യൂസിക് ബാന്റായ റെയിന്‍ബോ രാഗാസ് ആണ് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. മൂന്ന് മണിക്കൂറില്‍ അധികം നീണ്ട് നില്ക്കുന്ന സംഗീത സന്ധ്യ കാണികളുടെ കാതുകള്‍ക്ക് ഇമ്പമേകും.
ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചയാണ് മാഞ്ചസ്റ്റര്‍ തിരുനാള്‍ കൊണ്ടാടുന്നത്. യുകെയില്‍ ആദ്യമായി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്ററിലെ തിരുനാളിന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വര്‍ഷവും എത്തിച്ചേരുന്നത്. ഇന്ന് യുകെയില്‍ പല സ്ഥലങ്ങളിലും തിരുനാളാഘോഷങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മാഞ്ചസ്റ്റര്‍ തിരുനാള്‍ വിത്യസ്തമാകുന്നത് അതുകൊണ്ടാണ്.
ഇടവക വികാരി ഡോ.ലോനപ്പന് അറങ്ങാശ്ശേരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാര്‍, ജനറല്‍ കണ്‍വീനര്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്ന വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും വികാരി റവ.ഡോ.ലോനപ്പന് അറങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
തിരുനാളിന്റെ വിജയത്തിനായി പുറത്തിറക്കിയ പ്രെമോ വീഡിയോകള്‍ കാണാം:
https://drive.google.com/file/d/0B4PL1yqxvCdDNEN1RmZZbFBuNDA/view?usp=drivesdk
https://drive.google.com/open?id=0B4PL1yqxvCdDdWd5M3otdXRILXc
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല