സ്വന്തം ലേഖകന്‍: ജയലളിതയെ വധിക്കാന്‍ ശശികലയും തന്റെ സഹോദരനും പദ്ധതിയിട്ടിരുന്നു, പുതിയ വെളിപ്പെടുത്തലുമായി ജയലളിതയുടെ സഹോദര പുത്രി ദീപ. നേരത്തേ ജയലളിതയുടെ വസതിയില്‍ എത്തിയ ദീപയെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിക്ക് അവകാശവാദം ഉന്നയിച്ചാണ് ദീപ വേദനിലയത്തില്‍ എത്തിയത്. പോയസ് ഗാര്‍ഡനിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സഹോദരനും ശശികലയ്ക്കുമെതിരെ ദീപ ആരോപണം ഉന്നയിച്ചത്.
വേദനിലയത്തിലേക്ക് തനിക്ക് ഒറ്റയ്ക്ക് വരാന്‍ ഭയമാണെന്ന് ദീപ പറഞ്ഞു. അതിനാലാണ് ഭര്‍ത്താവ് മാധവനൊപ്പം വന്നതെന്നും ദീപ കൂട്ടിച്ചേര്‍ത്തു. നേരത്തെ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ദീപ ഭര്‍ത്താവുമായി ഭിന്നതയിലായിരുന്നു. സഹോദരന് ദീപക് ക്ഷണിച്ചത് പ്രകാരമാണ് താന്‍ വേദനിലയത്തില്‍ എത്തിയതെന്ന് ദീപ പറഞ്ഞു. എന്നാല്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ തടയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. അവര്‍ തന്നെയും അപകടപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായും ദീപ കൂട്ടിച്ചേര്‍ത്തു.
തനിക്ക് പുറമെ ഭര്‍ത്താവിനെതിരെയും വധഭീഷണിയുണ്ടെന്ന് ദീപ ആരോപിച്ചു. റൗഡികള്‍ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തുന്നത് പതിവാണ്. ഭര്‍ത്താവ് പോകുന്ന എല്ലായിടത്തും ഗുണ്ടകള്‍ പിന്തുടരുന്നുണ്ട്. അവര്‍ അദ്ദേഹത്തെ കൊല്ലുമെന്ന് താന്‍ ഭയപ്പെടുന്നതായും ദീപ പറഞ്ഞു. ശശികലയുടെ ബന്ധുക്കളായ പ്രിയ, രാജമ്മ എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് ദീപ പറഞ്ഞു. ദീപക് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് കൊടുക്കുമെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല