സ്വന്തം ലേഖകന്‍: മുംബൈ അഹമ്മദാബാദ് പാതയില്‍ മൂളിപ്പായാന്‍ ജപ്പാനില്‍ നിന്നുള്ള കിടിലന്‍ ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ഇ 5 ഷിങ്കാസെന്‍ പരമ്പരയിലെ ട്രെയിനുകളാണ് ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ റെയില്‍വേ ഒരുങ്ങുന്നത്. മോദി സര്‍ക്കാറിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണ് 5000 കോടി ചെലവില്‍ 25 ബുള്ളറ്റ് ട്രെയിനു ജപ്പാന്റെ താമസിയാതെ ഇന്ത്യയിലെത്തുക. മുംബൈ അഹ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയിലായിരിക്കും ആദ്യത്തെ ബള്ളറ്റ് ട്രെയിന്‍ സര്‍വിസ് നടത്തുകയെന്ന് റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി.
731 സീറ്റുകളുള്ള ട്രെയിനില്‍ നിലവിലുള്ളതിനേക്കാള്‍ തികച്ചും വ്യത്യസ്തമായ ടോയ്ലറ്റ് സംവിധാനങ്ങളായിരിക്കും ഉണ്ടാവുക. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വെവ്വേറെ സൗകര്യങ്ങളുള്ള സംവിധാനങ്ങളില്‍ യൂറോപ്യന്‍ ക്ലോസറ്റ് സൗകര്യവുമുണ്ടാവും. വസ്ത്രം മാറാനും മുഖം മിനുക്കാനും മൂന്നു ചുവരുകളിലും കണ്ണാടിയും അനുബന്ധ സൗകര്യങ്ങളുമുള്ള മുറികളുമുണ്ടാവും. കുട്ടികള്‍ക്ക് ഉയരം കുറഞ്ഞ വാഷ്ബേസിനുകളും പുരുഷന്മാര്ക്ക് ചുവരില്‍ ഘടിപ്പിക്കുന്ന യൂറിന്‍ ക്ലോസറ്റുമുണ്ടാവും.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റ നമ്പര്‍ കോച്ചുകളില്‍ ടോയ്ലറ്റ് സംവിധാനവും രണ്ട്, നാല്, ആറ്, എട്ട് തുടങ്ങിയ ഇരട്ട നമ്പറുള്ള കോച്ചുകളില്‍ മൂത്രമൊഴിക്കാനുള്ള സൗകര്യങ്ങളുമാണ് ഉണ്ടാവുക. 10 കോച്ചുകളില്‍ രണ്ടെണ്ണത്തില്‍ വീല്‍ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക സൗകര്യങ്ങളുള്ള ടോയ്ലറ്റുകളുമുണ്ടാവും. ബുള്ളറ്റ് ട്രെയിനിന്റെ ആദ്യയാത്ര നടക്കുന്ന മുംബൈ അഹ്മദാബാദ് പാതയില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലെ തുരങ്കത്തിലൂടെയാണ് ട്രെയിന്‍ കടന്നുപോകുക.
കരയിലെ മരങ്ങള്‍ തിങ്ങിനിറഞ്ഞ ഭാഗങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗയാണ് സമുദ്രത്തിനടിയിലൂടെ തുരങ്കം നിര്‍മിക്കുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സ് സ്റ്റേഷനില്‍ നിന്നാണ് തുരങ്കപാത ആരംഭിക്കുക. പദ്ധതിക്കായി ജപ്പാന് ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി 81 ശതമാനം വായ്പ നല്‍കും. ആദ്യ 15 വര്‍ഷത്തേക്ക് 0.1 ശതമാനം പലിശക്ക് 50 വര്‍ഷത്തേക്കാണ് വായ്പ.
ചൈനീസ് കമ്പനികളെ മറിക്കടന്നാണ് ജപ്പാന് കരാര്‍ നേടിയത്. നാലു വര്‍ഷം മുന്‍പ് ചൈനയില്‍ ബുള്ളറ്റ് ട്രെയിന്‍ അപകടം സംഭവിച്ചിരുന്നു. ഇതിനാലാണ് ചൈനീസ് കമ്പനികളെ ഉപേക്ഷിച്ച് 98,000 കോടി രൂപയുടെ പദ്ധതി ജപ്പാനു നല്‍കിയത്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടയില്‍ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് റയില്‍വേ വൃത്തങ്ങള്‍ നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല