രതിനിര്‍വേദം ഉണര്‍ത്തിവിട്ട ചുടുകാറ്റ് സുരേഷ്കുമാറിന് ശരിക്കും ഏറ്റമട്ടാണ്. നീലത്താമര ഒരു പരീക്ഷണമാണ്. രതിനിര്‍വേദം ഒരു പടികൂടി മുമ്പോട്ടുള്ള ടെസ്റ്റിങ്്. മലയാള സിനിമയില്‍ രണ്ടുമൂന്നുവര്‍ഷം ഗ്യാപ്പുവിട്ടുകൊണ്ട് മസാലകള്‍ ഇറങ്ങുക പതിവായിരുന്നു. ഇപ്പോള്‍ ആ ഒരു പ്രവണത കുറവുണ്ട്.
ഈ ഗ്യാപ്പിലാണ് ക്ലാസിക് എന്ന ലേബലില്‍ രതിനിര്‍വേദം ചുരണ്ടിനോക്കിയത്. എന്തായാലും സംഭവം ഏറ്റു. ഇനി പടപ്പുറപ്പാട് തുടങ്ങുകയായി. ഐവി ശശി അവളുടെ രാവുകള്‍ പൊടിതട്ടിയെടുക്കുന്നു. നിലവറയില്‍ പോയി സുരേഷ് കുമാറും നല്ല ഒരു പരിശോധന നടത്തി. തകര, ഇതാ ഇവിടെ വരെ… ആരും കുറ്റം പറയില്ല. പശുവിന്റെ കടിയും മാറും കൊക്കിന് വിശപ്പും തീരും, ഇനി ഈ തെരെഞ്ഞെടുപ്പുകളെ കൊഴുപ്പിക്കാന്‍ കുറെ സ്റ്റാന്‍ഡേര്‍ഡ് സെറ്റപ്പ് വേണം. അതിനുള്ള കോപ്പ്കൂട്ടുകയാണ് നിര്‍മാതാക്കള്‍.
നല്ല പേരുള്ള സംവിധായകന് വേണം..സൂപ്പര്‍ താരങ്ങള്‍ വേണം…എന്നാല്‍ കാര്യം ഡീസന്റായി പുറത്തു കൊണ്ടുവരാം..എന്ന് റിലീസ് ചെയ്യും എന്നു പറഞ്ഞാമതി തിയറ്ററില്‍ അഡ്വാന്‍സ് ബുക്കിംഗ് വന്നു കൊള്ളും. നായിക പിന്നെ നമ്മുടെ പ്രശസ്തരൊന്നും അഭിനയിക്കാനിടയില്ല. പുതുമുഖമോ.. അല്ലെങ്കില്‍ വാളയാറിന്റെ അപ്പുറത്ത് നിന്നോ കൊണ്ടുവരാം, എത്രവേണമെങ്കിലും ചിലവാക്കാം, .കാരണം ഇരട്ടിയായി തിരിച്ചുകിട്ടുമെന്നുറപ്പ്.
കേരളത്തിലെ പത്രങ്ങളിപ്പോള് പകുതി പേജ് പീഡനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കയാണ്.യു.പി സ്കൂള്‍ കുട്ടികള്‍ക്കുള്ള സെക്ഷന്‍ വേറെ….പിന്നെ ഉത്തേജകമരുന്നിന്റെ കച്ചവടക്കാര്‍ ക്ലാസിഫൈഡ് കോളം ഒന്നിച്ച് അനാദിയായ് ബുക്ക് ചെയ്തിരിക്കയാണ്.
ഇങ്ങിനെയുള്ള അവസരത്തില്‍ ഏറ്റവും വലിയ ജനകീയ കലാരൂപമായ സിനിമ മാനസികോല്ലാസത്തിന്റെ പരമാനന്ദം സൃഷ്ടിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. കലയോടുള്ള സ്നേഹമോ ,മികച്ച കലാസൃഷ്ടി തെരെഞ്ഞെടുത്തുള്ള പുനര്‍വായന യുടെ പ്രതിബദ്ധതയൊന്നുമല്ല ഈ പൈങ്കിളി കച്ചവടക്കാര്‍ക്ക്
മുമ്പിലുള്ളത് എന്നു വ്യക്തം.
അങ്ങിനെയെങ്കില്‍ ഓളവും തീരവും, നിര്‍മ്മാല്യവും, ന്യൂസ് പേപ്പര്ബോയും ഒക്കെ ഒന്ന് ആലോചിച്ചൂടെ! നല്ല കളറില്‍ ഒന്ന് കാണുകയും ചെയ്യാം, അപ്പോള്‍ അതല്ല ഇവിടെ പ്രശ്ന രതിനിര്‍വേദം കൊളുത്തിവിട്ട ഉഷ്ണക്കാറ്റണയും മുമ്പേ കത്തുന്ന പുരയില്‍ നിന്ന് ഊരുന്ന കഴുക്കോല് മിച്ചം.വലിയഭാഷയില് സംസാരിക്കുന്ന ഇവരുടെ ഉള്ളിലിരിപ്പ് തിരിച്ചറിയുക എന്നതു മാത്രമാണ് കേവലം പ്രേക്ഷകന് അഭികാമ്യമായുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല