സ്വന്തം ലേഖകന്‍: വിജയ് മല്യയുടെ കേസില്‍ സുപ്രീം കോടതി വിധി ജൂലൈ 10 ന്, ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് മല്യ. മല്യക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ തടവുശിക്ഷ വിധിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയലക്ഷ്യ കേസില്‍ മല്യ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് ആദര്‍ശ് കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനായ മല്യ ജുലൈ 10ന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി വിധിച്ചു.
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി വായ്പയെടുത്താണ് മല്യ നാടുവിട്ടത്. മല്യയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്കുകള്‍ സുപ്രീംകോടതിയെ സമിപിക്കുകയും ചെയ്തിരുന്നു. ഇംണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണുന്നതിനും വിരാട് കോഹ്ലി നടത്തിയ അത്താഴ വിരുന്നിലും മല്യ എത്തിയത് വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മല്യ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. കോടതിയില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റവും മല്യ നിഷേധിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരായതിനു ശേഷം മല്യ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് എതിരെ ട്വിറ്ററില്‍ ആഞ്ഞടിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് തന്നോടുള്ള സമീപനമാണ് മല്യയെ ചൊടിപ്പിച്ചത്.
‘മാധ്യമങ്ങളോട് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് വളച്ചൊടിച്ചു നല്കുന്ന സ്വാഭാവമാണ് മാധ്യമങ്ങളുടേത്. തന്റെ പക്കല്‍ ആവശ്യത്തിന് തെളിവുകളുണ്ട്. ഇനി തെളിവുകള്‍ സംസാരിച്ചുകൊള്ളും. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ തന്നെ ജനക്കൂട്ടം കള്ളനെന്നു വിളിച്ച് പരിഹസിച്ചെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്. തന്നെ ആരും കള്ളനെന്ന് വിളിച്ചിട്ടില്ല. അതിന്റെ തെളിവടങ്ങിയ വീഡിയോ കയ്യിലുണ്ട്. ആരെങ്കിലും അങ്ങനെ വിളിച്ചത് കേട്ടിട്ടുണ്ടാകും. മദ്യപിച്ചെത്തിയ രണ്ടു പേരാണ് അങ്ങനെ ചെയ്തത്. എന്നാല്‍ തന്നോട് നല്ല രീതിയില്‍ സംസാരിക്കാനെത്തിയവരെ മാധ്യമങ്ങള്‍ കണ്ടില്ല,’ മല്യയുടെ ട്വീറ്റില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല