സ്വന്തം ലേഖകന്‍: ചികിത്സയിലായ കുഞ്ഞുണ്ടെന്ന കാരണത്താല്‍ നാടുകടത്തല്‍ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഓസ്ട്രേലിയയില്‍ തുടരാന്‍ അനുമതി, പെര്‍മനന്റ് റെസിഡന്‍സി വിസ നല്കി ഓസ്ട്രേലിയ. ശക്തമായ സാമൂഹിക ഇടപെടലുകളെ തുടര്‍ന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ കുടുംബത്തിന് പിആര്‍ വീസ (പെര്‍മനന്റ് റെസി ഡന്‍സി വീസ) നല്കി.
അഡ്ലെയ്ഡില് താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനു, സീന ദമ്പതികളും രണ്ടു മക്കളുമായിരുന്നു നാടുകടത്തല്‍ ഭീഷണി നേരിട്ടത്. മൂന്ന് വയസുകാരിയായ മകള്‍ മേരി ജോര്‍ജ് രോഗിയാണെന്ന കാരണത്താല്‍ ജൂണ്‍ അവസാനത്തിന് മുന്‍പ് രാജ്യംവിടണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിച്ച കുട്ടിയുടെ തുടര്‍ ചികിത്സകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഉത്തരവ്.
തുടര്‍ന്ന് ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്മയും മാധ്യമങ്ങളും വിഷയത്തില്‍ സജീവമായി ഇടപെടുകയും പ്രശ്നം സര്‍ക്കാരിന്റെ മുന്നിലെത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് അനുകൂല തീരുമാനമുണ്ടായത്. 2011 ല്‍ സ്റ്റുഡന്റ് വീസയില്‍ ഓസ്ട്രേലിയയില്‍ എത്തിയ മനു വിവാഹ ശേഷം ഭാര്യ സീനയെ ജോലി സ്ഥലത്തേക്ക് കൊണ്ടു വരികയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഓസ്ട്രേലിയയില്‍ വച്ചാണ് മേരി ജനിക്കുന്നത്. ഇവര്‍ക്ക് 11 മാസം പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല