1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2011

സ്കോട്ട്‌ലന്‍ഡിലെ ഐര്‍ഷയറിലുള്ള ലാര്‍ഗ്സ്‌ എന്ന സ്ഥലത്തു താമസിക്കുന്ന സൈക്കാട്രിക് നഴ്സായ 55 വയസുകാരി ക്രിസ്റ്റീനിന്‍റെയും ഭര്‍ത്താവ് 64 കാരനായ കൊളിന്റെയും തലേവര മാറി മറിഞ്ഞത്‌ ഒറ്റ രാത്രി കൊണ്ടാണ്.യൂറോ മില്ല്യന്‍ ലോട്ടറി ചരിത്രത്തിലെ റിക്കാര്‍ഡ്‌ സമ്മാനത്തുകയായ 161 മില്ല്യന്‍ പൌണ്ടിന്റെ ഭാഗ്യം കടാക്ഷിച്ചത് കഴിഞ്ഞ മുപ്പതു വര്‍ഷമായി കല്യാണം കഴിച്ച് ഒരുമിച്ചു താമസിക്കുന്ന ഈ ദമ്പതികളെയാണ്.

സാധാരണ ഗതിയില്‍ ആളുകള്‍ സ്വന്തം നിലയില്‍ നമ്പരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ക്രിസ്റ്റീനും ഭര്‍ത്താവും തിരഞ്ഞെടുത്തത് ലക്കി ടിപ്പ് ആണ്.ലോട്ടറി വെന്‍ഡിംഗ് മെഷിന്‍ സ്വന്തം നിലയില്‍ ലോട്ടറിയുടെ ഭാഗ്യ നമ്പരുകള്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് ലക്കി ടിപ്പ്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ പത്തു പൌണ്ട് മുടക്കി അഞ്ചു ലക്കി ടിപ്പ് ടിക്കറ്റുകള്‍ ആണ് കോളിന്‍ ദമ്പതികള്‍ വാങ്ങിയത്.ആദ്യ നാലു സെറ്റുകള്‍ പാഴായപ്പോള്‍ അഞ്ചാമത്തെ സെറ്റിലെ എല്ലാ നമ്പരുകളും ജാക്പോട്ട് നമ്പരുകളുമായി മാച്ച് ആവുകയായിരുന്നു.അങ്ങിനെ ഒരു ദിവസം നേരം ഇരുട്ടി വെളുത്തപ്പോള്‍ ഈ ഭാഗ്യ ദമ്പതികളുടെ ബാങ്ക് ബാലന്‍സ്‌ 161,653,000 പൌണ്ട് കണ്ട് കൂടി.

ഈ നേട്ടത്തോടെ യു കെയിലെ സമ്പന്നരുടെ പട്ടികയില്‍ നാനൂറ്റി മുപ്പതാം സ്ഥാനം കോളിന്‍ ദമ്പതികള്‍ സ്വന്തമാക്കി.ഇത്തിരി കൂടി വിശദമായി പറഞ്ഞാല്‍ ലോക പ്രശസ്ത ഫുട്ബോളര്‍ ഡേവിഡ്‌ ബെക്കാമിനെക്കാള്‍ സമ്പന്നര്‍.വെറുമൊരു ടി വി ക്യാമറമാനായ കൊളിനെയും സൈക്കാട്രിക് നഴ്സായ ക്രിസ്റ്റീനെയും സംബന്ധിച്ചിടത്തോളം ഈ ഭാഗ്യം സ്വപ്നതുല്യമാണ്.ദീര്‍ഘകാലമായി കല്യാണം കഴിച്ച് ഒരുമിച്ചു ജീവിക്കുന്ന ഈ ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ ആണുള്ളത്.ഫോട്ടോഗ്രാഫി പഠിക്കുന്ന 24 കാരിയായ കാര്‍ലിയും കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന 22 കാരനായ ജാമിയും.ഫിസിക്കല്‍ ഡിസബിലിറ്റിയുള്ള രണ്ടു മക്കള്‍ക്കും ഓരോ കാറു വാങ്ങികൊടുക്കുവാന്‍ പോലും കോളിന്‍ ദമ്പതികള്‍ക്ക് കഴിഞ്ഞിരുന്നില്ല.കോളിനും ക്രിസ്റ്റീനും ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ ലോട്ടറി നറുക്കെടുത്തുവെങ്കിലും ഇരുവരും ഫലം അറിയുന്നത് അര്‍ദ്ധരാത്രിയോടെയാണ്.പതിവു ടി വി പരിപാടികള്‍ കാണുന്നതിനിടെ ടെലിടെക്സ്റ്റ്‌ വഴിയാണ് ഭാഗ്യ നമ്പരുകള്‍ ക്രിസ്റ്റീന്‍ മനസിലാക്കിയത്.ലക്കി ടിപ്പിലെ അവസാന സെറ്റിലെ എല്ലാ നമ്പരുകളും മാച്ച് ആയപ്പോള്‍ ആദ്യം വിശ്വസിച്ചില്ല.പിന്നീട് മൂന്നാല് തവണ പരിശോധിച്ച് ഉറപ്പാക്കിയതിനു ശേഷം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.പിന്നത്തെ രാത്രി ഇരുവര്‍ക്കും ഉറക്കമില്ലാത്തതായിരുന്നു.രാവിലെ ഒന്‍പതു മണിക്ക് ലോട്ടറി ഓഫീസിലെ ഫോണ്‍ ലൈന്‍ ഓപ്പണ്‍ ആയപ്പോള്‍ അധികൃതരെ വിളിച്ച് അറിയിക്കുന്നതു വരെ ഇരുവരും ഉറക്കമിളച്ചിരുന്നു.നാലു മണിയായപ്പോള്‍ ഒരു കുപ്പി വൈന്‍ പൊട്ടിച്ചുവെങ്കിലും ഒരു തുള്ളി പോലും ഇറക്കാനായില്ലെന്ന് കോളിന്‍ ഓര്‍മ്മിക്കുന്നു.

യു കെയില്‍ ലോട്ടറി സമ്മാനത്തിന് ടാക്സ്‌ ഇല്ലാത്തതിനാല്‍ ഇരുവര്‍ക്കും മുഴുവന്‍ തുകയും ലഭിക്കും. സമ്മാനത്തുക ബാങ്കില്‍ നിക്ഷേപിച്ചാല്‍ പലിശയിനത്തില്‍ മാത്രം അഞ്ചു മില്ല്യന്‍ പൌണ്ട് പ്രതി വര്‍ഷം ലഭിക്കും.ഗ്ലാസ്ഗോയില്‍ നിന്നും 33 മൈല്‍ അകലെയുള്ള സീ സൈഡ് ടൌണായ ലാര്‍ഗ്സിലെ മൂന്നു മുറിയുള്ള ഡിറ്റാച്ച്ട് വീട്ടില്‍ താമസിക്കുന്ന,സാദാ സുസുക്കി കാര്‍ ഓടിക്കുന്ന ഇരുവരുടെയും മോഹം പുതിയ വീടും കാറുകളും വാങ്ങുവാനും ചൈന,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാനുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.