സ്വന്തം ലേഖകന്‍: ”വിട! ജീവിതത്തില്‍ ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും നന്ദി,’ ലണ്ടന്‍ തീപിടുത്തത്തില്‍ കാണാതായ ഇറ്റാലിയന്‍ ദമ്പതികളുടെ അവസാന സന്ദേശം പുറത്ത്, അപകടത്തില്‍ കാണാതായ നിരവധി പേരെ കണ്ടെത്താനാകാത്തത് ആശങ്ക പരത്തുന്നു. തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സിങ്ടണിലുള്ള ഗ്രെന്‍ഫെല്‍ ടവറില്‍ 23 മത്തെ നിലയിലായിരുന്നു ആര്‍ക്കിടെക്റ്റുകളായ ഗ്ളോറിയ ട്രെവിസാനും പങ്കാളി മാര്‍കോ ഗൊറ്റാര്‍ഡിയും താമസിച്ചിരുന്നത്.
ഇറ്റലിയില്‍ നിന്നും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ തൊഴില്‍ തേടി ലണ്ടനില്‍ എത്തിയത്. കെട്ടിടം തീ വിഴുങ്ങുമ്പോള്‍ ഇവര്‍ ഇറ്റലിയിലെ കുടുംബാംഗങ്ങളെ വിളിച്ച് അവസാനമായി പറഞ്ഞത് ‘ജീവിതത്തില്‍ ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും നന്ദി’ എന്നായിരുന്നു. തുടര്‍ന്ന് പാര്‍പ്പിട സമുച്ചയം കത്തിയമര്‍ന്ന കൂട്ടത്തില്‍ ദമ്പതികളെ കാണാതായി.
പുലര്‍ച്ചെ 3.45 നായിരുന്നു ഗോറ്റാര്‍ഡിന്‍ ഇറ്റലിയിലുള്ള വീട്ടുകാരെ ആദ്യം വിളിച്ചത്. നാലു മണിക്ക് വീണ്ടും വിളിച്ചു. പേടിക്കേണ്ട എല്ലാം നിയന്ത്രണ വിധേയമായി എന്നായിരുന്നു ആദ്യം വിളിച്ചു പറഞ്ഞത്. ഒരു പക്ഷേ അത് ഞങ്ങളെ ആശ്വസിപ്പിക്കാനായിരിക്കുമെന്നും പിതാവ് മാറ്റീനോ ഡി പഡോവ പറയുന്നു. രണ്ടാമത്തെ കോളില്‍ പുകയും തീയും ഉയരുന്നതായിട്ടാണ് പറഞ്ഞത്.
അവസാന നിമിഷം വരെ തങ്ങള്‍ ഫോണിനടുത്ത് തന്നെ ഉണ്ടായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ 4.07 ന് അപ്പാര്‍ട്ട്മെന്റില്‍ മൊത്തം പുകയാണെന്നും കാര്യങ്ങള്‍ ഗുരുതരമായ നിലയിലേക്ക് പോകുകയാണെന്നും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ട്രെവിസാന്‍ ആദ്യം വീട്ടുകാരെ വിളിച്ചത്. താഴേയ്ക്ക് പോകണമെന്നുണ്ട്. പക്ഷേ പടിക്കെട്ടുകളിലെല്ലാം തീ നിറഞ്ഞിരിക്കുകയാണ്. പുക കൂടിക്കൂടി വരികയാണെന്നും ട്രെവിസാന്‍ പറഞ്ഞു. പിന്നീട് ഫോണ്‍ കട്ടായപ്പോള്‍ നൂറു തവണയെങ്കിലും തിരിച്ചു വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് ട്രെവിസാനിന്റെ പിതാവ് പറഞ്ഞു.
രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലെന്നും ഇതുവരെ ചെയ്ത തന്ന എല്ലാ സഹായങ്ങള്‍ക്കും നന്ദിയെന്നും വിടപറയുന്നെന്നും മകള്‍ പറയുന്നത് മാതാവ് ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. രണ്ടു പേരെയും ഇറ്റലിയിലേക്ക് മടക്കി കൊണ്ടുവരാന്‍ വീട്ടുകാര്‍ പദ്ധതിയിട്ടിരുന്നു. ഇനിയും കണ്ടെത്താന്‍ കഴിയാത്ത ഇവരുടെ മൃതദേഹങ്ങള്‍ ഏതു നിലയിലായിരിക്കുമെന്നോ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തന്നെ കഴിയുമോയെന്ന് തന്നെ അറിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല