സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പ്രവാസികളെ ബാധിച്ചു തുടങ്ങുന്നു, ഖത്തറിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഖത്തറിനും മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള തര്‍ക്കം സമവായത്തില്‍ എത്താതെ അനന്തമായി നീളുമ്പോള്‍ നെഞ്ചിടിക്കുന്നത് മലയാളികള്‍ അടക്കമുള്ള ഖത്തറിലെ പ്രവാസി സമൂഹത്തിനാണ്. ഭക്ഷണ സാധനങ്ങളുടെ വില നാള്‍തോറും കുതിച്ചുയരുന്നതാണ് പ്രവാസികളെ ഭീതിയിലാഴ്ത്തുന്നത്.
കുടുംബത്തോടൊപ്പം കഴിയുന്നവര്‍ക്ക് ഇത് താങ്ങാനാകാത്ത അവസ്ഥയാണ്. പലരുടെയും തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയും ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപാരം നടത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പലരും ഖത്തര്‍ കേന്ദ്രീകരിച്ചാണ് തങ്ങളുടെ ധനവിനിമയം നടത്തിയിരുന്നത്. ഇവരേയും പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്.
തൊഴില്‍ അവസരങ്ങള്‍ കുറയുന്നതിനൊപ്പം ഭക്ഷണത്തിന്റെ വില ഉയരുന്നതും തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് ഉറപ്പാണ്. ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അരി, തക്കാളി, ഉള്ളി എന്നിവയുടെ എല്ലാം വില കുത്തനെ ഉയര്‍ന്നു. പലതിനും ഇരട്ടിയിലേറെ വിലയായി. അതുകൊണ്ട് കൂടുതല്‍ പണം ഇവിടെ ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യക്കാര്‍.
വില വര്‍ധിച്ചതോടെ ഭക്ഷണം ഒരു നേരം മാത്രമാക്കി ചുരുക്കിയിരിക്കുകയാണ് പലരും. ഉപരോധത്തിനു പിന്നാലെ ഉയര്‍ന്നുവരുന്ന സുരക്ഷാ പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഇന്ത്യക്കാരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഖത്തറില്‍ ഉള്ള 20 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികളില്‍ ഏറെയും ദക്ഷിണേഷ്യക്കാരാണ്.
ഇവരെയാണ് ഉപരോധത്തിന്റെ പ്രത്യാഘാതം ഏറ്റവും പെട്ടെന്ന് ബാധിച്ചത്.
അധിക സമയം ജോലി ചെയ്ത് നേടിയിരുന്ന വരുമാനത്തിലും കുറവ് വന്നിട്ടുണ്ട്. റമദാന് മാസമായതിനാല്‍ ജോലി നേരത്തെ അവസാനിപ്പിക്കുന്ന പതിവും കൂടിയായതോടെ വരുമാനത്തില്‍ വന്‍ ഇടിവാണ് മിക്കവര്‍ക്കും സംഭവിച്ചിരിക്കുന്നത്. ലഭിക്കുന്ന ശമ്പളത്തിന്റെ സിംഹ ഭാഗവും നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് വരും നാളുകളില്‍ പിടിച്ചു നില്ക്കാന് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല