സ്വന്തം ലേഖകന്‍: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്, ചരിത്രമെഴുതാന്‍ പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍. ഫ്രഞ്ച് പാര്‍ലമെന്റ് (നാഷണല്‍ അസംബ്ലി) തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 577 അംഗ അസംബ്ലിയില്‍ 470 സീറ്റ് വരെ മാക്രോണിനു ലഭിക്കാമെന്നാണു സര്‍വേ ഫലങ്ങള്‍. രാഷ്ട്രീയത്തില്‍ നവാഗതരാണു മാക്രോണിന്റെ റിപ്പബ്ലിക് മുന്നോട്ട് (ആര്‍ഇഎം) പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍.
കാളപ്പോരുകാരിയേയും ഗണിത ശാസ്ത്രജ്ഞനേയും സ്ഥാനാര്‍ഥികളായി അണിനിരത്തിയാണ് മക്രോണ്‍ പടനയിക്കുന്നത്. പഴയ സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കന്മാരും മാക്രോണിന്റെ പാര്‍ട്ടിയിലേക്ക് ചുവടും മാറ്റിയതും നിര്‍ണായകമാകും. 1968 ല്‍ ചാള്‍സ് ഡി ഗോളിനു ലഭിച്ച 80 ശതമാനം സീറ്റ് വിജയം പോലൊന്നാണു മാക്രോണിനു കിട്ടുമെന്നാണ് കരുതപ്പെടുന്നത്. പാര്‍ലമെന്റില്‍ ഒരു കക്ഷിയുടെ മഹാഭൂരിപക്ഷം ജനാധിപത്യ ചൈതന്യത്തിനു നിരക്കുന്നതല്ലെന്ന വാദവുമായി എതിരാളികളും രംഗത്തുണ്ട്.
ഒന്നാം വട്ടത്തില്‍ 33 ശതമാനം വോട്ട് ലഭിച്ച ആര്‍ഇഎം 440 മുതല്‍ 470 വരെ സീറ്റ് നേടുമെന്നു ഹാരിസ് സര്‍വേ പറയുന്നു. ഒഡോക്സ് സര്‍വേ 430, 460 ഉം ഒപ്പീനിയന് വേ 440, 470 ഉം സീറ്റു നിലയാണ് പ്രവചിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സഖ്യം 60, 80 നിലയിലും സോഷ്യലിസ്റ്റുകള്‍ 22, 35 നിലയിലും തീവ്ര ഇടതുപക്ഷം 14, 25 നിലയിലും തൃപ്തിപ്പെടേണ്ടി വരുമെന്നും സര്‍വേകള്‍ പറയുന്നു.
പ്രസിഡന്റ് സ്ഥാനത്തേക് മാക്രോണിനെതിരേ മത്സരിച്ച് തോറ്റ മരീന്‍ ലെ പെനിന്റെ നാഷണല്‍ ഫ്രണ്ട് ഒന്നു മുതല്‍ ആറുവരെ സീറ്റേ നേടൂ എന്നാണ് പ്രവചനം. ഒന്നാം റൗണ്ടില്‍ വോട്ടര്‍മാരില്‍ പകുതിപോലും പോളിംഗ് ബൂത്തില്‍ എത്തിയിരുന്നില്ല. ഞായറാഴ്ചയും വോട്ടര്‍മാര്‍ വീട്ടിലിരുന്നു കളയുമോ എന്ന ആശങ്കയിലാണ് എല്ലാം പാര്‍ട്ടികളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല