സ്വന്തം ലേഖകന്‍: കമ്പനി ലീവ് നല്‍കിയില്ല, സ്വന്തം വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പ്രവാസി യുവാവ്, ഒടുവില്‍ സഹായ ഹസ്തവുമായി സുഷമാ സ്വരാജ്. തഴക്കര ഇറവങ്കര ഗീതാഭവനില്‍ ശ്രീജിത്ത് യശോധരനാണ് ജോലി ചെയ്യുന്ന വിദേശ കമ്പനിയില്‍ നിന്നും അവധി ലഭിക്കാത്തതിനാല്‍ നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ കുഴങ്ങിയത്.
കുവൈത്തില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ വിവാഹം ശിവഗിരി സ്വദേശിനിയുമായി തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. കമ്പനി അധികൃതരുമായി സംസാരിച്ച ശേഷമാണ് വിവാഹത്തീയതി നിശ്ചയിച്ചത്. എന്നാല്‍ ഇപ്പോള്‍ അവധി നല്കാന് തയാറല്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ശ്രീജിത്തിന്റെ വീട്ടുകാര്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജിന് ഇമെയില്‍ വഴി പരാതി നല്കി.
ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടതോടെ അവധി നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചു. തുടര്‍ന്ന് കമ്പനി വീണ്ടും നിലപാട് മാറ്റുകയായിരുന്നു. ഇതോടെ രണ്ടാമതും വിദേശകാര്യ മന്ത്രിക്ക് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് സുഷമ സ്വരാജ് കനിയുമെന്ന പ്രതീക്ഷയില്‍ ശ്രീജിത്തിന്റെ വരവും കാത്തിരിക്കുകയാണ് കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല