സ്വന്തം ലേഖകന്‍: ജപ്പാന് തീരത്തിനടുത്ത് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍സ് ചരക്കുകപ്പലിലിടിച്ച് ഏഴ് യു.എസ്. നാവികരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. യു.എസ്.എസ്. ഫിറ്റ്സ്ജെറാള്‍ഡ് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ പരിക്കേറ്റ കമാന്‍ഡര്‍ ബ്രെയ്സ് ബെന്‍സണ്‍ അടക്കം നാലുപേരെ ജപ്പാന് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ ആസ്?പത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ അമേരിക്കന്‍ കപ്പലിന്റെ വലതുഭാഗം തകര്‍ന്ന് വെള്ളം കയറി. കപ്പല്‍ മുങ്ങാതിരിക്കാനായി പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളഞ്ഞു കൊണ്ടിരിക്കുകയാണ്. കപ്പല്‍ തീരത്തേക്കടുപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
കാണാതായവരെ കണ്ടെത്താനായി ജപ്പാന് നാവികസേന നാലു കപ്പലുകളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. 330 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അമേരിക്കയുടെ മിസൈല്‍വേധ കപ്പലായ യു.എസ്.എസ്. ഫിറ്റ്സ്ജെറാള്‍ഡ്. യോകോസുക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ ഏഴാം കപ്പല്പടയുടെ ഭാഗമാണ് ഈ കപ്പല്‍. ചരക്കുകപ്പല്‍ അപകടത്തിന് 25 മിനിറ്റു മുമ്പ് ദിശ മാറ്റിയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല