സ്വന്തം ലേഖകന്‍: പ്രതിസന്ധിക്കിടയിലും കുട്ടികള്‍ക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍. ആഗോളതലത്തില്‍ 34 മത്തെ സ്ഥാനവും ഖത്തര്‍ കരസ്ഥമാക്കി. സേവ് ദ ചില്ഡ്രന്യുഎസ് എന്ന റിപ്പോര്‍ട്ടിലാണ് ഖത്തര്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം നേടിയത്. 172 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, പോഷകാഹാര കുറവ്, സ്കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികള്‍, ബാലവേല, കൗമാര വിവാഹം, കൗമാര ജനന നിരക്ക്, സംഘര്‍ഷങ്ങളും കുട്ടികളുടെ കൊലപാതകവും മൂലമുള്ള കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ എട്ട് വ്യത്യസ്ത ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. അറബ് ലോകത്ത് കുവൈത്താണ് രണ്ടാമത്.
ആഗോളതലത്തില്‍ ഒമാന്‍ 45 ഉം, ലെബനനും തുണീഷ്യയും 46 ഉം, സൗദി 47 ഉം, ജോര്‍ദാന്‍ 51 ഉം, മൊറോക്കോ 83 ഉം, ഈജിപ്ത് 88 ഉം സ്ഥാനങ്ങളിലുണ്ട്. സംഘര്‍ഷങ്ങള്‍ കുട്ടികളെ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സിറിയക്കാണ്. തെക്കന്‍ സുഡാന്, സൊമാലിയ, ഇറാഖ്, യമന്‍, സുഡാന് എന്നിവയാണ് തൊട്ടുപിന്നില്‍. ആഗോള തലത്തില്‍ 2.8 കോടി കുട്ടികളാണ് നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കപ്പെട്ടത്.
ഇതില്‍ ഒരു കോടിയോളം കുട്ടികള്‍ അഭയാര്‍ഥികളായി അലയുന്നതായാണ് കണക്ക്. കുട്ടികള്‍ക്ക് ഏറ്റവും മോശം ജീവിത സാഹചര്യമുള്ള രാജ്യം നൈജറാണ്. ഏറ്റവും മികച്ച ജീവിത സാഹചര്യം നല്കുന്ന രാജ്യങ്ങളുടെ മുന്‍പന്തിയില്‍ നോര്‍വെയും സ്ലോവെനിയയുമാണ്. ഫിന്‍ലാന്‍ഡ് രണ്ടാമതെത്തിയപ്പോള്‍ നെതര്‍ലന്‍ഡ്, സ്വീഡന്, പോര്‍ച്ചുഗല്‍, അയര്‍ലന്‍ഡ്, ഐസ്ലന്ഡ്, ഇറ്റലി, ബെല്‍ജിയം, സൈപ്രസ്, ജര്‍മനി, ദക്ഷിണ കൊറിയ എന്നിവര്‍ തൊട്ടുപിന്നിലുള്ള സ്ഥാനങ്ങള്‍ സ്വന്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല