സ്വന്തം ലേഖകന്‍: ഉത്തര കൊറിയ വിട്ടയച്ചതിനു ശേഷം അബോധാവസ്ഥയില്‍ ആയിരുന്ന അമേരിക്കന്‍ വിദ്യാര്‍ഥി മരിച്ചു, മരണ കാരണം കൊറിയക്കാരുടെ കൊടിയ പീഡനങ്ങളെന്ന് മാതാപിതാക്കള്‍. ഉത്തര കൊറിയയിലെ തടവില്‍നിന്നു മോചിതനായി നാട്ടിലെത്തിയ യുഎസ് വിദ്യാര്‍ഥി ഒട്ടോ ഫെഡറിക് വാംബിയറാ (22) ണ് മരിച്ചത്. ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13 നാണ് ഉത്തര കൊറിയ വിട്ടയച്ചത്.
ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കഴിച്ചതിനെത്തുടര്‍ന്ന് നാളുകളായി വാംബിയര്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. ഒഹായോയില്‍ വന്നിറങ്ങിയ വിമാനത്തില്‍നിന്ന് ഓട്ടൊ വാംബിയറിനെ താങ്ങിയെടുത്തു പുറത്തെത്തിച്ച ശേഷം ആംബുലന്‍സിലാണ് സിന്‍സിനാറ്റി മെഡിക്കല്‍ സെന്ററിലേക്കു കൊണ്ടുപോയത്. ഉത്തര കൊറിയന്‍ ഭരണകൂടം മകനെ കൊടിയ പീഡനങ്ങള്‍ക്കിരയാക്കിയെന്ന് വാംബിയറുടെ മാതാപിതാക്കളായ സിന്‍ഡിയും ഫ്രെഡും ആരോപിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിചാരണക്ക് തൊട്ടുപിന്നാലെ വാംബിയര്‍ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയില്‍ ആയെന്നുമാണ് ഉത്തര കൊറിയന്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, തടവിലായിരിക്കെ യുവാവിനു ക്രൂര മര്‍ദനമേറ്റതായി വിവരം ലഭിച്ചിരുന്നെന്നാണ് യു.എസ് ആരോപണം. വാംബിയര്‍ മോചിതനായതിന് തൊട്ടു പിന്നാലെ ഉത്തര കൊറിയക്കെതിരെ എട്ടു വര്‍ഷം പഴക്കമുള്ള സൈബര്‍ ആക്രമണക്കുറ്റം യു.എസ് ആരോപിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയയിലെ വിദ്യാര്‍ഥിയായ വാംബിയര്‍ വിനോദ സഞ്ചാരിയായാണ് അതിര്‍ത്തി കടന്ന് ഉത്തര കൊറിയയില്‍ എത്തിയത്. ഒരു ഹോട്ടലിലെ പ്രചാരണ ബാനര്‍ മോഷ്ടിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ പണിയെടുക്കാന്‍ ശിക്ഷിക്കുകയായിരുന്നു. നിസാര കുറ്റത്തിന് ഇത്രയും കഠിന ശിക്ഷ വിധിച്ച കോടതിയുടെ നടപടി രാജ്യാന്തരതലത്തില്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും ഉത്തര കൊറിയ കുലുങ്ങിയില്ല. എന്നാല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെ അധികൃതര്‍ വാംബിയറെ വിട്ടയക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല