സ്വന്തം ലേഖകന്‍: ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യനില വളരെ മോശം, ദുരിതങ്ങള്‍ക്കിടയിലും തുടരുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ തുറന്നു പറഞ്ഞ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര. ‘2015 ഓഗസ്റ്റ് 23നാണ് 3.4 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹം ജയിലിലായിട്ട് ഇപ്പോള്‍ 21 മാസങ്ങളായി. ആരോഗ്യം തീര്‍ത്തും ക്ഷയിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വീല്‍ചെയറിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഒറ്റയ്ക്കു കഴിയുന്ന എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുന്‌പോള്‍ പേടി തോന്നുകയാണ്,’ ആദ്യമായി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇന്ദിര പറയുന്നു.
ബിസിനസില്‍ ഇടപെടാതിരുന്ന ഇന്ദിര ആദ്യമായാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. ‘ചില ബാങ്കുകള്‍ തനിക്കെതിരേയും സിവില്‍ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ ജയിലിലാകുമോയെന്ന ഭയത്തോടെയാണു ജീവിക്കുന്നത്. ദുബായില്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വാടക കൊടുക്കാന്‍ പോലും സാധിക്കുന്നില്ല. 1990 ലെ കുവൈറ്റ് യുദ്ധസമയത്ത് അറ്റ്‌ലസ് ബിസിനസ് സാമ്രാജ്യം തകര്‍ന്നടിഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിച്ചു.
ഇപ്പോള്‍ അറ്റ്‌ലസിലെ ജീവനക്കാര്‍ക്കു ശമ്പളം പോലും കൊടുക്കാന്‍ കഴിയുന്നില്ല. ജീവനക്കാരുടെ കുടിശിക തീര്‍ക്കാന്‍ ഷോറൂമിലിരുന്ന അമ്പതു ലക്ഷം ദിര്‍ഹം വില വരുന്ന ഡയമണ്ടുകള്‍ 15 ലക്ഷം ദിര്‍ഹത്തിനാണ് വിറ്റത്. യുഎഇയിലെ 19 ഷോറൂമുകളും സൗദി അറേബ്യ, കുവൈറ്റ്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ഷോറൂമുകളും പൂട്ടി. വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം തത്കാലത്തേക്ക് കേസ് നിര്‍ത്തിവയ്ക്കാം എന്നു സമ്മതിച്ചിട്ടുണ്ട്.
ഇതിനിടെ, മറ്റൊരു കേസില്‍ ഇവരുടെ മകളും മരുമകനും ജയിലിലായതു പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കി. അദ്ദേഹം ജയിലിലായതിനാല്‍ കടം വീട്ടുന്നതിനു സ്വത്തുക്കള്‍ വില്ക്കാന്‍ ആരുമായി സംസാരിക്കാന്‍ പോലും കഴിയുന്നില്ല,’ അദ്ദേഹത്തിന് മാനുഷിക പരിഗണനയെങ്കിലും നല്കണമെന്നാണ് ആവശ്യമെന്നും ഇന്ദിര പറയുന്നു. ഖലീജ് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ദിര രാമചന്ദ്രന്‍ ആദ്യമായി തുറന്നുപറച്ചില്‍ നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല