സ്വന്തം ലേഖകന്‍: ഖത്തര്‍ വിദേശനയത്തില്‍ മാറ്റം വരുത്തുന്നതു വരെ ഉപരോധം തുടരുമെന്ന് യുഎഇ, ഉപരോധം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന ഉറച്ച നിലാപാടുമായി ഖത്തര്‍. വിദേശനയത്തില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ ഖത്തറിനെ ബഹിഷ്കരിക്കുന്നത് വര്‍ഷങ്ങളോളം തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് മുന്നറിയിപ്പു നല്കി, ഇക്കാര്യം ഖത്തര്‍ തിരിച്ചറിയണം. ഉടന്‍തന്നെ സൗദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഖത്തര്‍ സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക അവതരിപ്പിക്കുമെന്നും ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
ഖത്തറുമായി നയതന്ത്രം ബന്ധം വിച്ഛേദിച്ച് രണ്ട് ആഴ്ച്ച പിന്നിടുമ്പോള്‍ നിലപാട് കൂടുതല്‍ കര്‍ശനമാക്കുകയാണ് യുഎഇ അടക്കമുള്ള രാഷ്ട്രങ്ങള്‍. ഭീകരവാദികള്‍ക്ക് വേദിയൊരുക്കി കൊടുക്കുകയാണ് ഖത്തര്‍ ചെയ്യുന്നത്. സിറിയയിലും ലിബയയിലും യെമനിലും എല്ലാം അല്‍ഖൈദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കിയെന്നും അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. കുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങള്‍ ആശാവഹമാണ്. വിഷയത്തില്‍ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളുടെ ആവശ്യങ്ങളുടെ പട്ടിക വൈകാതെ തന്നെ അവതരിപ്പിക്കുമെന്നും അന്‍വര്‍ ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉപരോധം പിന്‍വലിക്കാതെ അയല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഇപ്പോള്‍ ഖത്തര്‍ ഉപരോധത്തിലാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചയില്ല. ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ആദ്യം ഉപരോധം പിന്‍വലിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി പറഞ്ഞു. ഇതുവരെയും ഉപരോധം പിന്‍വലിക്കുന്നതു സംബന്ധിച്ച് ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരോധമേര്‍പ്പെടുത്തിയ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഇതുവരെയും ഒരു ആവശ്യവും ഖത്തറിനു മുന്നില്‍ വച്ചിട്ടില്ല.
കുവൈത്ത് അമീര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മാത്രമാണ് പ്രശ്നത്തില്‍ മധ്യസ്ഥന്‍. അവ്യക്തമായ ആവശ്യങ്ങളല്ല, കൃത്യവും വ്യക്തവുമായ ആവശ്യങ്ങളാണു പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി(ജിസിസി) ബന്ധപ്പെട്ട ഏതു കാര്യവും ചര്‍ച്ച ചെയ്യാം. എന്നാല്‍, ജിസിസിയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പറ്റില്ല. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം ആര്‍ക്കുമില്ല. അല്‍ ജസീറ ടിവി ഖത്തറിന്റെ ആഭ്യന്തര കാര്യമാണ്. പ്രാദേശിക കാര്യങ്ങളിലെ വിദേശ നയം ഖത്തറിന്റെ ആഭ്യന്തര കാര്യമാണ്. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപരോധം തുടരുകയാണെങ്കില്‍ ഖത്തര്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കും. തുര്‍ക്കി, കുവൈത്ത്, ഒമാന്‍ എന്നിവയെയാണു പ്രധാനമായും ആശ്രയിക്കുക. ഇറാന് അവരുടെ വ്യോമ മേഖല ഖത്തര്‍ വിമാനങ്ങള്‍ക്കായി തുറന്നു തന്നിട്ടുണ്ട്. ഖത്തറിനു സാധനങ്ങളുടെ വിതരണം ഉറപ്പു നല്കാന് കഴിയുന്ന രാജ്യങ്ങളുമായി സഹകരിക്കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യുഎഇ, ഈജിപ്ത്, ബഹ്റൈന്‍, സൗദി തുടങ്ങിയ രാഷ്ട്രങ്ങള്‍ ജിസിസി രാഷ്ട്രമായ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത് ഗള്‍ഫ് മേഖലയിലെ വ്യാപാര ഗതാഗത നയതന്ത്ര ബന്ധങ്ങളെയാകെ തകിടം മറിച്ചിരിക്കുകയാണ്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നുവെന്നും ആരോപിച്ചാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല