സ്വന്തം ലേഖകന്‍: ലണ്ടന്‍ ടവറിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി, കത്തിയമര്‍ന്ന കെട്ടിടത്തിലെ ഒരു മുറിയില്‍ 42 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ എത്തിയ അഗ്‌നിശമന സേനയില്‍ പെട്ട ഒരാളാണ് ഇത് കണ്ടെത്തിയതെന്ന് ഒരാള്‍ പറയുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാനാകില്ലെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നയാള്‍ പറയുന്നുണ്ട്.
79 പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടെന്ന് പോലീസ് പറയുമ്പോഴും മരണനിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുറികള്‍ തോറും നടത്തിയ പരിശോധനയിലാണ് 42 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ കത്തിയെരിഞ്ഞ കെട്ടിടത്തിന് മുന്നില്‍ നിന്നും ഒരു അജ്ഞാതന്‍ അഗ്‌നിശമന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന തന്റെയൊരു സുഹൃത്ത് കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞു എന്ന നിലയിലാണ് വീഡിയോയിലെ വെളിപ്പെടുത്തല്‍.
ആരും ഇതുവരെ ഇക്കാര്യം കണ്ടെത്തിയില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയാനാകില്ലെന്നും ഇയാള്‍ പറയുന്നുണ്ട്. അതേസമയം മുറിയില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ടെന്നും വീഡിയോയില്‍ സൂചനയുണ്ട്. ഈ വാര്‍ത്ത ഇതുവരെ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ലണ്ടന്‍ ഫയര്‍ സര്‍വീസിന്റെ വക്താക്കള്‍ തയ്യാറായിട്ടില്ല. തെരച്ചിലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു എന്നാണ് പോലീസ് വാദം.
അതേസമയം മരണ സംഖ്യ ഉയരാന്‍ കാരണം പോലീസിന്റെ തെറ്റായ നിര്‍ദ്ദേശങ്ങളാണെന്ന ആരോപണവും ശക്തമാണ്. മുറിയില്‍ ഇരുന്നവരാണ് കൂടൂതലും മരണമടഞ്ഞതെന്നും അവരോട് മുറിയില്‍ നിന്നും ഇറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം കൊടുത്തത് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നുമാണ് നാട്ടുകാരുടെ ആരോപണം. തീനാളങ്ങള്‍ കെട്ടിടം മുഴുവനായും വിഴുങ്ങുമ്പോള്‍ പോലീസിനെ സഹായത്തിന് വിളിച്ചവര്‍ക്കും മുറി പൂട്ടി അകത്തിരിക്കാനാണ് നിര്‍ദേശം കിട്ടിയതെന്നും താമസക്കാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല