സ്വന്തം ലേഖകന്‍: വിരാട് കോഹ്ലിയുമായി ഒത്തുപോകാന്‍ കഴിയില്ല, രാജിവക്കാനുള്ള കാരണങ്ങള്‍ തുറന്നടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് കോച്ച് അനില്‍ കുബ്ലെയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുമായി അഭിപ്രായഭിന്നതയുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നതാണ് കുബ്ലെ പുറത്തുവിട്ട വിശദീകരണം. നായകന് വിരാട് കോഹ്ലിയുമായി ഒത്തുപോകാന്‍ കഴിയുന്ന ബന്ധമായിരുന്നില്ല. ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും കുംബ്ലെ അറിയിച്ചത്. തന്നോട് പിരീശലക പദവിയില്‍ തുടരാന്‍ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ. തന്റെ പരിശീലന രീതിയോടും താന്‍ കോച്ചായി തുടരുന്നതിനോടും താല്പര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ച ബിസിസിഐ അറിയിച്ചു.
കോച്ചും ക്യാപറ്റനും തമ്മിലുള്ള ബന്ധം മെച്ചമാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഒത്തു പോകാനാകാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ സ്ഥാനമൊഴിയാനുള്ള മികച്ച സമയമായി കണക്കാക്കുന്നു. കുബ്ലെ വിശദീകരിക്കുന്നു. പ്രൊഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂന്നിയായിരുന്നു തന്റെ പരിശീലനം. താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത സാഹചര്യത്തില്‍, ബിസിസിഐയും ക്രിക്കറ്റ് ഉപദേശക സമിതിയും നിര്‍ദേശിക്കുന്നയാള്‍ക്ക് ചുമതലകള്‍ കൈമാറുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ ടീം കൈവരിച്ച നേട്ടങ്ങളുടെ ക്രെഡിറ്റ്, മുഴുവന്‍ താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് ജീവനക്കാര്‍ക്കും ഉള്ളതാണെന്നും അനില്‍ കുംബ്ലെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്നും അനില്‍ കുംബ്ലെ രാജിവെച്ചത്. ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അനില്‍ കുംബ്ലെ കോച്ചിന്റെ സ്ഥാനം രാജിവെച്ചത്. കാലാവധി ചാന്പ്യന്‍സ് ട്രോഫിയോടെ തീര്‍ന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനം വരെ തുടരാന്‍ ബി സി സി ഐ കുംബ്ലെയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ടീമിലെ പിണക്കങ്ങള്‍ രൂക്ഷമായതോടെ കുബ്ലെ അതിനു തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല