സ്വന്തം ലേഖകന്‍: കേന്ദ്രത്തിന് ബാധ്യതയായി എയര്‍ ഇന്ത്യ, കമ്പനി സ്വകാര്യവല്ക്കരിക്കാന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന, 50% ഓഹരികളില്‍ കണ്ണുനട്ട് ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് മേധാവി എന്‍. ചന്ദ്രശേഖരനും കേന്ദ്രസര്‍ക്കാരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ബിസിനസ് വാര്‍ത്താ ചാനലായ ഇ.റ്റി നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ എയര്‍ ഇന്ത്യയ്ക്ക് അതിന്റെ മാതൃ കമ്പനിയിലേക്കുള്ള തിരിച്ചു പോക്കാകും അത്.
ടാറ്റ ഗ്രൂപ്പിന്റേതായിരുന്ന എയര്‍ ഇന്ത്യ 1953 ലെ ദേശസാല്ക്കരണത്തോടെ പൊതുമേഖലയില്‍ എത്തുകയായിരുന്നു. എന്നാല്‍ നഷ്ടത്തിലായ വിമാന കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്ക്കരിച്ചേക്കുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. 52,000 കോടി രൂപ ബാധ്യതയുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗവും തേടണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വകാര്യവല്ക്കരിക്കാന് തീരുമാനിച്ചാല്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ടാറ്റ ഗ്രൂപ്പിന്റെ അന്നത്തെ ചെയര്മാന് രത്തന്‍ ടാറ്റ 2013 ല്‍ പ്രതികരിക്കുകയും ചെയ്തു. മലേഷ്യയുടെ എയര്‍ ഏഷ്യ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ കമ്പനികളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങളായി ടാറ്റ ഗ്രൂപ്പിന് വ്യോമയാന മേഖലയില്‍ ശക്തമായ സാന്നിധ്യമുണ്ട്.
1932 ല്‍ ടാറ്റ ഗ്രൂപ്പ് മേധാവിയായിരുന്ന ജെആര്‍ഡി ടാറ്റയാണ് എയര്‍ ഇന്ത്യയുടെ ആദ്യ രൂപമായ ടാറ്റ എയര്‍ലൈന്‍ ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം എയര്‍ ഇന്ത്യ എന്ന പേരില്‍ കമ്പനി രൂപീകരിച്ചു. സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്തത്തിലാണ് എയര്‍ ഇന്ത്യ കമ്പനി രൂപീകരിച്ചത്. 1953 ല്‍ കമ്പനി ദേശസാല്‍ക്കരിച്ചതോടെ പൂര്‍ണമായും പൊതുമേഖലയിലായി എയര്‍ ഇന്ത്യയുടെ പറക്കല്‍. 90 കള്‍ക്കു ശേഷം സ്വകാര്യ എയര്‍ ലൈനുകളുടെ വരവോടെ ആകാശത്ത് വന്‍ മത്സരം നേരിടുകയാണ് എയര്‍ ഇന്ത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല