സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ ഇഴയുന്നു, ക്ഷമ നശിച്ച് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, അനിശ്ചിതത്വം പ്രതിഫലിപ്പിച്ച് ക്വീന്‍സ് സ്പീച്ച്. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരാഴ്ചയായിട്ടും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. ഭൂരിപക്ഷത്തിന് ഏഴംഗങ്ങളുടെ കുറവുള്ള തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (ടോറികള്‍) പത്തു സീറ്റുള്ള അയര്‍ലന്‍ഡിലെ പ്രാദേശിക പാര്‍ട്ടിയായ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇവര്‍ തമ്മിലുള്ള സഖ്യചര്‍ച്ചകള്‍ തീരുമാനത്തിലെത്താതെ അനിശ്ചിതമായി നീളുകയാണ്.
ഇതിനിടെ സഖ്യം ഉറപ്പിക്കുന്ന ഉടമ്പടിയില്‍ എത്താതെ തങ്ങളുടെ പിന്തുണ ഉറപ്പാണെന്നു കരുതേണ്ടന്ന് ഡിയുപി ടോറികള്‍ക്ക് മുന്നറിയിപ്പു നല്കി. വ്യക്തമായ വ്യവസ്ഥകളോടെയുള്ള സഖ്യമാണ് ഡിയുപി മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി ടോറികള്‍ക്ക് തങ്ങളുടെ പല പ്രഖ്യാപിത നയങ്ങളില്‍നിന്നും നിലപാടുകളില്‍നിന്നും പിറകോട്ടുപോകേണ്ടിവരും. ബ്രെക്സിറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായഭിന്നത ഇല്ലാത്തത്. ഹാര്‍ഡ് ബ്രെക്സിറ്റ് എന്ന നയമാണ് രണ്ടു കക്ഷികളും സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ മറ്റു പല ആഭ്യന്തര വിദേശ നയപരിപാടികളിലും ഇരുപാര്‍ട്ടികളും വിഭിന്ന ധ്രുവങ്ങളിലാണ്. ഇതിന്മേലുള്ള സമവായത്തിനായാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. രാജ്ഞിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമുമ്പ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി കര്‍മ പരിപാടികള്‍ പ്രഖ്യാപിക്കേണ്ടതായിരുന്നു എങ്കിലും ഇരു കക്ഷികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം കഴിഞ്ഞ ദിവസത്തെ ക്വീന്‍സ് സ്പീച്ചിലും പ്രകടമായി. രാജ്ഞിയുടെ പ്രസംഗത്തിന്മേലുള്ള വോട്ടെടുപ്പ് തെരേസ മേയുടെ ന്യൂനപക്ഷ സര്‍ക്കാരിന്റെ വിശ്വാസ പ്രകടനം കൂടിയാകുന്ന സാഹചര്യമാണ് ബ്രിട്ടനില്‍ ഒരുങ്ങുന്നത്.
നിലവിലെ സ്ഥിതി തുടര്ന്നാന് ബ്രിട്ടന് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കും ഭരണ സ്തംഭനത്തിലേക്കും നീങ്ങുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പ്രതീക്ഷതില്‍ നിന്ന് ഭിന്നമായി സോഫ്റ്റ് ബ്രെക്സിറ്റിനെക്കുറിച്ചുള്ള സൂചനകളാണ് ക്വീന്‍സ് സ്പീച്ചില് രാജ്ഞി നല്‍കിയത്. ഇതോടെ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് ടോറി നയങ്ങളിലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും തെരേസാ മേയ് അഴിച്ചുപണി നടത്തിയതായി സ്വന്തം പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ആരോപണങ്ങള്‍ ശക്തമാകുകയാണ്.
പുതിയ പാര്‍ലമെന്റിന് തുടക്കം കുറിച്ച് കൊണ്ട് രാജ്ഞി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതാണ് ക്യൂന്‍സ് സ്പീച്ച്. ഇത് പുതിയ ഗവണ്മെന്റിന്റെ നയപ്രഖ്യാപനം കൂടിയാണ്. ഗവണ്മെന്റ് അടുത്ത രണ്ട് വര്‍ഷത്തേക്ക് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും ക്യൂന്‍സ് സ്പീച്ചില് പ്രഖ്യാപനങ്ങളുണ്ടാകും. ഇതിലാണ് മേയ് അഴിച്ചുപണി നടത്തിയിരിക്കുന്നത്. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളില്‍ നിന്നാണ് മേയ് മലക്കം മറിഞ്ഞിരിക്കുന്നതെന്ന് ടോറി എംപിമാര്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല