സ്വന്തം ലേഖകന്‍: സൗദിയില്‍ ജൂലൈ ഒന്നു മുതല്‍ കുടുംബ നികുതി പ്രാബല്യത്തില്‍, ആശങ്കയിലായ പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചു തുടങ്ങി. കുടുംബത്തിനൊപ്പം താമസിക്കുന്ന പ്രവാസികള്‍ ഓരോ അം?ഗത്തിനും 100 റിയാല്‍ എന്ന നിരക്കില്‍ കുടുംബനികുതി അടയ്ക്കണമെന്ന പുതിയ നിയമം ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.ഒരാള്‍ക്ക് 100 റിയാല്‍ ( ഏകദേശം 1723 രൂപ) എന്ന നിരക്കിലാണ് നികുതി ഈടാക്കുന്നത്.
അതായത് സൗദിയില്‍ താമസിക്കുന്ന ഒരാളോടൊപ്പം ഭാര്യയും രണ്ട് മക്കളുമുണ്ടെങ്കില്‍ അയാള്‍ 300 റിയാല്‍ നികുതിയായി നല്‍കേണ്ടി വരും. ഇത് അധിക വരുമാനം ഇല്ലാത്ത പ്രവാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. 5000 റിയാല്‍ മാസ വരുമാനം ഉള്ളവര്‍ക്കാണ് സൗദിയില്‍ കുടുംബവിസ ലഭിക്കുകയുള്ളൂ. എന്നാല്‍ ജൂലൈയില്‍ നികുതി പരിഷ്കാരം പ്രാബല്യത്തില്‍ വരുന്നതോടെ പലരുടെയും കുടുംബ ബജറ്റ് തന്നെ താളംതെറ്റും.
അതിനാല്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്ന തിരക്കിലാണ്. നികുതിയായി നല്‍കേണ്ട തുക മുന്‍കൂറായി അടയ്ക്കണം എന്നതാണ് പ്രവാസികളെ വലയ്ക്കുന്ന മറ്റൊരു കാര്യം. ഉദാഹരണത്തിന് ഒരാളുടെ ഭാര്യ സൗദി അറേബ്യയില്‍ ഒരു വര്‍ഷം താമസിക്കാന്‍ എത്തുകയാണെങ്കില്‍ ‘ഇക്കാമ’ (റസിഡന്‍സ് പെര്‍മിറ്റ്) പുതുക്കുന്ന സമയത്ത് 1,200 റിയാല്‍ മുന്‍കൂറായി അടയ്ക്കേണ്ടി വരും.
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസികളില്‍ നിന്ന് കുടുംബ നികുതി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കുടുംബ നികുതിയ്ക്ക് പുറമെ സൗദിയില്‍ സാധനങ്ങളുടെ വിലയും ജൂലൈ ഒന്നോടെ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശീതള പാനീയങ്ങളുടെയും പുകയില ഉത്പന്നങ്ങളുടെയും വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
41 ലക്ഷം ഇന്ത്യക്കാരാണ് വിവിധ കമ്പനികളിലായി സൗദിയില്‍ ജോലി ചെയ്യുന്നതെന്നാണ് കണക്ക്. ഇവരില്‍ 6 ലക്ഷത്തോളം മലയാളികളാണ്. എണ്ണ വില ഇടിഞ്ഞ് സര്‍ക്കാരിന്റെ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്) സൗദി അറേബ്യയോട് നിര്‍ദേശിച്ചിരുന്നു. നിലവില്‍ സൗദി പൗരന്മാര്ക്കും പ്രവാസികള്‍ക്കും ആദായ നികുതി നല്‍കേണ്ടതില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല