സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് തൂത്തുവാരിയതിനു പിന്നാലെ മാക്രോണ്‍ മന്ത്രിസഭയില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് കൂട്ടരാജി. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മന്റെ (മോഡെം) പ്രതിനിധിയും നീതിന്യായ മന്ത്രിയുമായ ഫ്രാങ്സ്വാ ബയ്റോവ് ആണ് ബുധനാഴ്ച രാജിവെച്ചത്.മാക്രോണ്‍ മന്ത്രിസഭ അഴിച്ചു പണിയാനിരിക്കെയായിരുന്നു ബയ്റോവിന്റെ രാജി.
തൊട്ടുപിന്നാലെ യൂറോപ്യന്‍ യൂനിയന്‍ വിഭാഗം മന്ത്രിയും മോഡെം പ്രതിനിധിയുമായ മാരിയെല്ലി ഡി സര്നെസും രാജി പ്രഖ്യാപിച്ചു. ഇതോടെ 48 മണിക്കൂറിനിടെ മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നവരുടെ എണ്ണം നാലായി. യൂറോപ്യന്‍ യൂനിയന്റെ ഫണ്ട് പാര്‍ട്ടിഅംഗങ്ങള്‍ക്ക് വകമാറ്റി ചെലവഴിച്ച സംഭവത്തിലാണ് ബയ്റോവ് അന്വേഷണം നേരിടുന്നത്. കഴിഞ്ഞ ദിവസം സില്‍വി ഗുലാദ് പ്രതിരോധമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.
തിങ്കളാഴ്ച മാക്രോണിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന റിച്ചാര്‍ഡ് ഫെറാന്ദും രാജിവെച്ചിരുന്നു. ഒന്മാര്ഷിന്റെ സെക്രട്ടറി ജനറലും ടെറിറ്റോറിയല്‍ ഇന്റഗ്രിറ്റി മന്ത്രിയുമായിരുന്നു ഇദ്ദേഹം. രാജിവെച്ചെങ്കിലും ഇവരെല്ലാം അഴിമതി ആരോപണം നിഷേധിച്ചിരിക്കയാണ്. ആകെയുള്ള മൂന്നു മന്ത്രിസ്ഥാനവും നഷ്ടമായതോടെ മോഡെം പാര്‍ട്ടിക്ക് മക്രോണ്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാതായി. അഴിമതി തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പില്‍ 577 അംഗ പാര്‍ലമെറ്റിലെ 308 സീറ്റുകള്‍ മാക്രോണും പാര്‍ട്ടിയും തൂത്തുവാരിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല