സ്വന്തം ലേഖകന്‍: ‘പൊട്ടിക്കരയുന്ന അച്ഛന്റെ ചുമലില്‍ കൈവച്ച് അന്ന് വിദ്യ ബാലന് പറഞ്ഞു: സാരമില്ല അച്ഛാ, എല്ലാം ശരിയാവും,’ കണ്ണു നനയിക്കുന്ന ഓര്‍മ്മ പങ്കുവച്ച് വിദ്യാ ബാലന്റെ പിതാവ് പിആര്‍ ബാലന്. വിദ്യ ബോളിവുഡ് കീഴ്ടടക്കുന്നതിനു മുമ്പുള്ള ഒരു അര്‍ധരാത്രി ഇരുട്ടില്‍ ഒറ്റയ്ക്കിരുന്ന് ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പൊട്ടിപ്പൊട്ടി കരഞ്ഞ ഓര്‍മ്മയാണ് പിതൃദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയില്‍ എഴുപത്തിയൊന്നുകാരനായ പി.ആര്.ബാലന് പങ്കുവെക്കുന്നത്.
ആ നിമിഷമാണ് തന്റെയും മക്കളുടെയും പില്ക്കാല ജീവിതം മാറ്റിമറിച്ചതെന്ന് അദ്ദേഹം പറയുന്നു ‘ഞങ്ങള്‍ തമിഴന്മാരാണ്. കേരളത്തിലെ പാലക്കാട്ടേയ്ക്ക് കുടിയേറിയവര്‍. ബോംബെയില്‍ ഒരു ടൈപ്പിസ്റ്റായാണ് ഞാന്‍ ജോലി തുടങ്ങിയത്. അറുപത് രൂപയായിരുന്നു അന്ന് മാസശമ്പളം. ഇന്ന് ആ കാശിന് ഒരു കപ്പ് കാപ്പി പോലും ലഭിക്കില്ല. മുത്തശ്ശിക്കും അമ്മയ്ക്കും മൂന്ന് പെങ്ങന്മാര്ക്കുമൊപ്പമാണ് ഞാന്‍ ജീവിച്ചത്. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ അമ്മ എന്നെ വളര്‍ത്തിയത്. എല്ലാ മക്കള്‍ക്കും തുല്ല്യ അവകാശം നല്കി അമ്മ. ഇന്നെന്റെ കുടുംബത്തില്‍ ഭാര്യയും രണ്ട് പെണ്മക്കളുമാണ് ഉള്ളത്. പ്രിയയും വിദ്യയും.
നിങ്ങള്‍ക്ക് ഒരു മകനില്ലെ എന്ന് എല്ലാവരും ചോദിക്കും. എനിക്ക് അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. ആദ്യത്തേത് ഒരു മകളാണ് രണ്ടാമത് ഒരു പെണ്‍കുഞ്ഞിനെ തരണേ എന്ന് ഞാന്‍ ഒരിക്കലും ദൈവത്തോട് പ്രാര്‍ഥിച്ചിട്ടില്ല. എന്റെ രണ്ട് കണ്ണുകളാണെന്ന് കണക്കാക്കിയാണ് ഞാന്‍ അവരെ സ്നേഹിച്ചത്. പെണ്‍കുട്ടികളായത് കൊണ്ട് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളും തുറന്നു തന്നെയായിരുന്നു കണ്ടത്. അവര്‍ക്ക് എന്തും ചെയ്യാമായിരുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് മുന്നില്‍ ഞങ്ങള്‍ തടസ്സം നിന്നിട്ടില്ല.
2000ല്‍ എന്റെ 55 ആം വയസ്സില്‍ ഞാന്‍ ജോലിയില്‍ നിന്ന് വിരമിച്ചു. യാതൊരുവിധ സമ്പാദ്യവും ഉണ്ടായിരുന്നില്ല കൈയില്‍. പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്താനും. ഇനിയെന്ത് ചെയ്യും എന്ന ചിന്തയിലായിരുന്നു ഞാന്‍. ഒരു ദിവസം അര്‍ധരാത്രി ഞാന്‍ വീടിന്റെ ഹാളില്‍ ചെന്നിരുന്ന് ഞാന്‍ കരഞ്ഞുതുടങ്ങി. ഉറക്കെ ഉറക്കെ കരഞ്ഞു. ദൈവമേ, 38 വര്‍ഷം ജോലി ചെയ്തിട്ടും ഈയൊരു അവസ്ഥയിലാണോ നീ എന്നെ കൊണ്ടെത്തിച്ചത്. ഞാന്‍ ചോദിച്ചു.
ഞാന്‍ കരഞ്ഞുകൊണ്ടിരിക്കെ ആരോ പിറകിലൂടെ വന്ന് എന്റെ ചുമലില്‍ പിടിച്ചു. ഞാന്‍ തിരിഞ്ഞുനോക്കി. അത് വിദ്യയായിരുന്നു. അവള് എന്റെ കൈ പിടിച്ച് പറഞ്ഞു: അപ്പ വിഷമിക്കരുത്. എല്ലാം ശരിയാവും. അതാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്,’ ബാലന് പറയുന്നു. ‘ഡേര്‍ട്ടി പിക്ചര്‍ ചെയ്യുമ്പോള്‍ ഞാന്‍ എന്റെ കുടുംബത്തോട് പറഞ്ഞിരുന്നു അതില്‍ ഒരുപാട് ശരീര പ്രദര്‍ശനം ഉണ്ടാകുമെന്ന്. എന്താണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ അത് ആസ്വദിച്ചു തന്നെയാണ് ചെയ്തതും.
എന്നാല്‍, അവരുടെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. വീട്ടുകാര്‍ക്കുവേണ്ടി സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സിനിമ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വച്ച് അച്ഛന് കൈയടിച്ചു. അവര്‍ ഒ.കെ. പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. പിന്നെ ലോകം എന്തു പറഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല. ആ ആത്മവിശ്വാസം വിലമതിക്കാന്‍ ആവുന്നതായിരുന്നില്ല,’ വീഡിയോയില്‍ വിദ്യ ഓര്‍മ്മിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല