1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2017

സ്വന്തം ലേഖകന്‍: വിശുദ്ധ നഗരമായ മക്കയില്‍ ഭീകരാക്രമണ ശ്രമം, ഭീകരരെ അതി സാഹസികമായി സുരക്ഷാ സൈനികര്‍ പിടികൂടി, ഒഴിവായത് വന്‍ ദുരന്തം. റമദാനിലെ അവസാന വെള്ളിയാഴ്ച ലക്ഷക്കണക്കിനു വിശ്വാസികള്‍ എത്തിയിരിക്കെ ഭീകരര്‍ നടത്തിയ ഭീകരാക്രമണ ശ്രമം സുരക്ഷാസേന തകര്‍ത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും വിശ്വാസികളെല്ലാം സുരക്ഷിതരാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

അല്‍ അക്ബാറിയ, അല്‍ അറബിയ ടിവി ചാനലുകളാണ് ആക്രമശ്രമം നടന്നതായി വാര്‍ത്ത പുറത്തു വിട്ടത്. മസ്ജിദിനെയും വിശ്വാസികളയും ലക്ഷ്യമിട്ടായിരുന്നു ആക്രമണ നീക്കമെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചു. മക്കയില്‍ നിന്നു രണ്ടു ഭീകര സംഘാംഗങ്ങളെയും ജിദ്ദയില്‍നിന്നു മുന്നാമതൊരു സംഘത്തെയും സുരക്ഷാ സേന പിടികൂടിയിട്ടുണ്ട്.

മക്കയിലെ അല്‍ അസില മേഖലയില്‍ പിടിയിലായ ഭീകരനില്‍നിന്നു ലഭിച്ച വിവരങ്ങളാണു ഭീകരാക്രമണ നീക്കം തകര്‍ക്കാന്‍ സഹായകരമായതെന്നാണു വിവരം. തുടര്‍ന്നു നടത്തിയ തെരച്ചിലിനിടെ മോസ്‌കില്‍ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരന്‍ തങ്ങിയ ഇടം സുരക്ഷാ സേന വളഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമടക്കം ഒട്ടേറെ പ്രമുഖര്‍ ആക്രമണ സമയത്ത് മക്കയിലുണ്ടായിരുന്നു.

സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ ഓപ്പറേഷനിടെ ഒരു ചാവേര്‍ സൈനികര്‍ക്കു നേരെ നിറയൊഴിച്ച ശേഷം സ്വയം പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വന്‍ ദുരന്തമായി മാറുമായിരുന്ന സംഭവം സുരക്ഷാ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഒഴിവാക്കാനായത്.

റംസാന്‍ വ്രതം അവസാനിക്കുന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തുടനീളമുള്ള അനേകം വിശ്വാസികള്‍ അടക്കം ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സൗദി തയ്യാറായിട്ടില്ല. അതേസമയം തന്നെ തകര്‍ന്ന കെട്ടിടത്തിന്റെയും മറ്റും ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.