സ്വന്തം ലേഖകന്‍: സൗദിയില്‍ മുഹമ്മദ് ബിന്‍ സല്മാന് യുഗത്തിന് തുടക്കമാകുന്നു, പുതിയ കിരീടാവകാശി ചുമതലയേറ്റു, ആശങ്കകള്‍ പങ്കുവച്ച് ഖത്തറും ഇറാനും തുര്‍ക്കിയും. സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് ചുമതലയേറ്റു. അമീര്‍ മുഹമ്മദിനുള്ള അനുസരണ പ്രതിജ്ഞാ ചടങ്ങ് മക്കയില്‍ നടന്നു. പണ്ഡിതന്മാരും രാജ കുടുംബാഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
സൗദി ഉന്നത പണ്ഡിതസഭാ അധ്യക്ഷനും ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള ആലു ശൈഖിന്റെ സംസാരത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആദ്യം ബൈഅത്ത് ചെയ്തതും ഗ്രാന്‍ഡ് മുഫ്തിയായിരുന്നു. തുടര്‍ന്ന് രാജകുടുംബാഗങ്ങളും മന്ത്രിമാരും ഭരണ, സൈനിക രംഗത്തെ മുതിര്‍ന്ന ഉദ്യാഗസ്ഥും ഉന്നത പണ്ഡിത സഭാ അംഗങ്ങളും ഹറം ഇമാമുമാരും അമീര്‍ മുഹമ്മദിന് ബൈഅത്ത് ചെയ്തു.
പുതുതായി നിയമിതരായ ആഭ്യന്തര മന്ത്രി, ഇറ്റലിയിലെ അംബാസഡര്‍, ജര്‍മനിയിലെ അംബാസഡര്‍, അല്‍ജൗഫ് മേഖല അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ തുടങ്ങിയവര്‍ സല്മാന് രാജാവിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.
പരിഷ്ക്കരണ വാദിയായി അറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാനാണ് 2015 ല്‍ പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റ ഉടന്‍ സൗദി വിഷന്‍ 2030 എന്ന ദീര്‍ഘകാല പദ്ധതിക്ക് രൂപം നല്‍കിയത്. ഒപ്പം സ്വകാര്യവത്കരണം ശക്തിപ്പെടുത്താനും സൗജന്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാനുമുള്ള നീക്കത്തിനൊപ്പം തന്നെ സൗദി പിന്തുടരുന്ന മൂല്യങ്ങളില്‍ നിന്നും ഇസ്ലാമിക തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ വിനോദസഞ്ചാര വികസന പദ്ധതികളും അദ്ദേഹം നിര്‍ദേശിച്ചു.
സൗദിയെ മേഖലയിലെ വന്‍ ശക്തിയായി നിലനിര്‍ത്തി യെമനിലേയും ഖത്തറിലേയും പ്രശ്നങ്ങളില്‍ കടുത്ത നിലപാടെടുത്ത വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്മാന്. രണ്ടര വര്‍ഷമായി സല്മാന് രാജാവ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങളില്‍ നിന്ന് വലിയ മാറ്റമൊന്നും പുതിയ കിരീടാവകാശിയില്‍ നിന്നുണ്ടാവില്ലെന്നും എന്നാല്‍ അവയുടെ നടപ്പാക്കലിന്റെ ഗതിവേഗം കൂടുമെന്നുമാണ് നിരീക്ഷകരുടെ നിഗമനം. ഒപ്പം കര്‍ക്കശ നിലപാടുകാരനായ മുഹമ്മദ് ബിന്‍ സല്മാന് ഖത്തര്‍, തുര്‍ക്കി, ഇറാന് എന്നീ രാജ്യങ്ങളോട് എപ്രകാരമാണ് ബന്ധം പുലര്‍ത്തുക എന്നതും മേഖലയെ ആശങ്കപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല