1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2017

സ്വന്തം ലേഖകന്‍: ലണ്ടനിലെ ഗ്രല്‍ഫെല്‍ ടവര്‍ തീപിടുത്തം, 79 പേരുടെ ജീവനെടുത്ത തീനാളങ്ങള്‍ പടര്‍ന്നത് ഫ്രിഡ്ജില്‍ നിന്ന്. ഗ്രെന്‍ഫെല്‍ ടവര്‍ അഗ്‌നിബാധയുടെ തുടക്കം ഹോട്ട്‌പോയിന്റ് ഫ്രിഡ്ജില്‍ നിന്നാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഫ്രിഡ്ജില്‍നിന്നും തീ കെട്ടിടത്തിന്റെ ചുവരുകള്‍ ഭംഗിയാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസവസ്തുവിലേക്ക് പടരുകയായിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

ഫ്രിഡ്ജ് കമ്പനിക്കെതിരേ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും പോലീസ് അറിയിച്ചു. അപകടത്തിനു കാരണമായ ഹോട്ട്‌പോയിന്റ് കന്പനിയുടെ ഫ്രിഡ്ജുകള്‍ മാര്‍ക്കറ്റില്‍നിന്നു പിന്‍വലിക്കുന്നകാര്യം പരിഗണനയിലില്ല. എന്നാല്‍ 20062009 കാലയളവില്‍ കന്പനി നിര്‍മിച്ച ഫ്രിഡ്ജുകള്‍ സാങ്കേതിക പരിശോധനയ്ക്കു വിധേയമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തീ പിടിച്ചത് ഫ്രിഡ്ജില്‍ നിന്നായതിനാല്‍ അപകടത്തിനു പിന്നില്‍ അട്ടിമറികളില്ലെന്ന് ഡിക്റ്ററീവ് സൂപ്രണ്ടന്റ് ഫിയോണ മാക്ക്‌കോര്‍മാക് മാധ്യമങ്ങളോടു പറഞ്ഞു. 24 നിലകളിലായി 120 ഫ്‌ളാറ്റുകളാണ് ഗ്രെന്‍ഫെല്‍ ടവറിലുണ്ടായിരുന്നത്. ഇവ പൂര്‍ണമായും കത്തിനശിച്ചു. അടുത്തിടെ ലണ്ടന്‍ നഗരം കണ്ട ഏറ്റവും വലിയ അഗ്‌നിബാധയായിരുന്നു ഇത്.

വേള്‍പൂള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്‌പോയന്റ് എന്ന ബ്രാന്‍ഡില്‍ വരുന്ന ഫ്രിഡ്ജ് ആണ് അപകടത്തിന് കാരണമായത്. ഫ്രിഡ്ജ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 250 പേരടങ്ങുന്ന പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് വേള്‍പൂള്‍ സര്‍ക്കാറിനെ അറിയിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണഫലം ഈ വര്‍ഷാവസാനം മാത്രമേ വരൂ എന്നാണ് നിഗമനം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.