സ്വന്തം ലേഖകന്‍: മോദി ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച, ഇന്ത്യയെ വാനോളം പുകഴ്ത്തി ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായി ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ച മോദി കഴിഞ്ഞ ദിവസം പോര്‍ച്ചുഗലിലെത്തി. ലിസ്ബണില്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മോദിയെ സ്വീകരിച്ചു. തുടര്‍ന്ന് ഞായറാഴ്ച യുഎസിലേക്കു പോകുന്ന മോദി തിങ്കളാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
വാഷിങ്ടണില്‍ ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളുമായും മോദി ആശയവിനിമയം നടത്തും. ആദ്യ മോദി ട്രംപ് കൂടിക്കാഴ്ചയ്ക്കാണ് തിങ്കളാഴ്ച അരങ്ങൊരുന്നത്. കൂടിക്കാഴ്ചക്കു മുന്നോടിയായി ലോകത്ത് നന്മയുള്ള ശക്തിയാണ് ഇന്ത്യയെന്നും അവരുമായുള്ള ബന്ധം വളരെത പ്രധാനപ്പെട്ടതാണെന്നും ഇന്ത്യയെ പുകഴ്ത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന പുറപ്പെടുവിച്ചു. ട്രംപ് ഭരണകൂടം ഇന്ത്യയെ അവഗണിക്കുന്നുവെന്ന ആരോപണവും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ തള്ളിക്കളയുന്നു,
മോദിയുടെ സന്ദര്‍ശനം പ്രധാനപ്പെട്ടതാണെന്നും അത് അവിസ്മരണീയമാക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മോദിക്ക് ട്രംപ് വിരുന്നൊരുക്കും. പ്രസിഡന്റായ ശേഷം ആദ്യമായാണ് ട്രംപ് ഒരു വിദേശ രാഷ്ട്രത്തലവന് വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കുന്നത്. തുടര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ നിരവധി കരാറുകള്‍ ഒപ്പുവക്കുകയും ഇരുനേതാക്കളും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്യും.
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്റര്‍, സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ്, കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും മോദിക്കൊപ്പമുണ്ട്.ചൊവ്വാഴ്ച മോദി അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നെതര്‍ലാന്‍ഡ്‌സിലേക്കു തിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല