സ്വന്തം ലേഖകന്‍: സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ കാണാതായ മലയാളിയായ യുവവൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്ട്ടിന് സേവ്യറിനെയാണ് സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രഭാത സവാരിക്കിടെ അപകടത്തില്‍ പെട്ടതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പി.എച്ച്.ഡി. പഠനത്തോടൊപ്പം സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന ഫാ. മാര്‍ട്ടിനെ ബുധനാഴ്ച മുതലാണ് കാണാതായത്. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വൈദികനെ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്. ചൊവ്വാഴ്ച വരെ വൈദികന് നാട്ടിലുള്ള സഹോദരങ്ങളോട് ഫോണില്‍ സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ബുധനാഴ്ച മുതല്‍ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം പുളിങ്കുന്ന് സിഎംഐ ആശ്രമത്തിലെ പ്രിയോറച്ചന്‍ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വൈദികന് താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാസ്പോര്‍ട്ട്, ലാപ്ടോപ് തുടങ്ങി കൈകാര്യം ചെയ്തിരുന്ന വസ്തുക്കള്‍ എല്ലാം മുറിയില്‍ത്തന്നെയുണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ധരെത്തി മുറി പരിശോധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013 ഡിസംബര്‍ 30 ന് പൗരോഹിത്യം സ്വീകരിച്ച ഫാ, മാര്ട്ടിന് കഴിഞ്ഞ ജൂലൈയിലാണ് സ്കോര്‍ട്ട്ലന്‍ഡില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല