സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, സൗദിയും സഖ്യകക്ഷികളും മുന്നോട്ടുവച്ച 13 ഉപാധികള്‍ ഖത്തര്‍ തള്ളിക്കളഞ്ഞു, പ്രശ്നപരിഹാരം നീളുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും മുന്നോട്ടുവച്ച 13 ഉപാധികള്‍ യാഥാര്‍ത്ഥ്യ ബോധമില്ലാത്തതും തങ്ങളുടെ പരമാധികാരത്തിനും സ്വതന്ത്ര വിദേശനയത്തിനും എതിരാണെന്നും ഖത്തര്‍ സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ഷെയ്ഖ് സെയ്ഫ് അല്‍ താനി തുറന്നടിച്ചു.
കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യയും യുഎഇയും ബഹറൈനും അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പിന്‍വലിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ഉപാധികളുമായി രംഗത്തെത്തിയത്. ഭീകര സംഘടനകള്‍ക്കുള്ള സഹായം നിര്‍ത്തുക, അല്‍ ജസീറ ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക, തുര്‍ക്കിയുടെ സൈനിക താവളം അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഖത്തറിനു മുന്നില്‍ വച്ചത്.
ഈ ഉപാധികളും ഏകപക്ഷീയ ഉപരോധവും ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ തുണയ്ക്കില്ലെന്ന് അല്‍ താനി പറഞ്ഞു. കുവൈറ്റിലെ സഹോദരങ്ങളുടെ മധ്യസ്ഥ ശ്രമങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു എങ്കിലും നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ല. യുഎസും യുകെയും മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ ഇതില്‍ പാലിക്കുന്നില്ല. നിര്‍ദേശങ്ങള്‍ വിശദമായി പഠിക്കുകയാണെന്നും അതിനു ശേഷം ഉചിതമായ മറുപടി നല്‍കുമെന്നും അല്‍ താനി വ്യക്തമാക്കി.
അവര്‍ പറയുന്നത് അനുസരിച്ചാല്‍ അന്തര്‍ദേശീയ രംഗത്ത് രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടമാകുമെന്ന് ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മനുഷ്യാവകാശം സംരക്ഷിക്കാനുള്ള ഖത്തറിന്റെ ഉത്തരവാദിത്വത്തിന് തിരിച്ചടിയാണ് 13 നിര്‍ദ്ദേശങ്ങളെന്നും വാര്‍ത്താക്കുറിപ്പ് തുടരുന്നു. ചാനല്‍ അടച്ചുപൂട്ടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെയും മേഖലയിലെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ഇല്ലാതാക്കുമെന്ന് അല്‍ ജസീറയും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രശ്നങ്ങളൊന്നുമില്ലാതെ ഖത്തര്‍ മുമന്നാട്ടു പോകുമെന്നും പ്രശ്നപരിഹാരത്തിന് ഖത്തറിനു മുന്നില്‍ സമ്മര്‍ദ്ദമൊന്നുമില്ലെന്നും ഖത്തറിന്റെ യു.എസിലെ അംബാസഡര്‍ മെഷാല്‍ ബിന്‍ ഹമദ് അല്ലും മാധ്യമങ്ങളോട് പറഞ്ഞു. അല്‍ ജസീറ ടെലിവിഷന്‍ അടച്ചുപൂട്ടുക, ബ്രദര്‍ഹുഡിന് നല്കുന്ന സഹായം അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ഏകപക്ഷീയ നിര്‍ദേശങ്ങളാണ് അറബ് രാജ്യങ്ങള്‍ ഖത്തറിന് നല്‍കിയിരുന്നത്. പത്ത് ദിവസമാണ് നിലപാട് അറിയിക്കാന്‍ അനുവദിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല