1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2017

സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് മാപ്പു പറഞ്ഞ് സലിം കുമാര്‍, ആക്രമണത്തെ കുറിച്ച് ദിലീപിന് നേരത്തെ അറിവുണ്ടായിരുന്നതായി പള്‍സര്‍ സുനിയുടെ മൊഴി, കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. ഞായറാഴ്ച സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ പരാമര്‍ശം തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു സലിം കുമാര്‍ പറഞ്ഞു. വിഷയത്തില്‍ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘ഞായറാഴ്ച ഇട്ടിരുന്ന ഒരു പോസ്റ്റില്‍, ഇരയായ നടിയെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്നു മനസ്സിലാക്കി. ഇതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും,’ പുതിയ കുറിപ്പില്‍ സലിംകുമാര്‍ പറഞ്ഞു.

അതേസമയം നടിക്കെതിരായ ആക്രമണത്തെക്കുറിച്ച് ദിലീപിന് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നേരത്തെ ദിലീപിന് സുനി അയച്ചതെന്ന പേരില് പുറത്തുവന്ന കത്തിന്റെ ശൈലി പള്‍സര്‍ സുനിയുടേതല്ല എന്നാണ് സുനിയുടെ അഭിഭാഷകനും പൊലീസും പറയുന്നത്.

അതിനിടെ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍സുനിയും നടിയും സുഹൃത്തുക്കള്‍ ആയിരുന്നെന്ന വെളിപ്പെടത്തലുമായി ദിലീപ് രംഗത്തെത്തി. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു. ആരോടൊക്കെ കൂട്ടുകൂടണമെന്ന് സൂക്ഷിച്ച് സംസാരിക്കണം. എനിക്ക് ഇത്തരം ആളുകളുമായി കൂട്ടില്ല. ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ദിലീപ് പറഞ്ഞു.

കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റിലും ദിലീപ് കുറച്ച് നാളുകളായി തന്നെ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവരുടെ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളെന്ന് വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏത് നുണ പരിശോധനക്കും താന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കുമ്പോള്‍ നിരവധി ആളുകള്‍ ദിലീപിന് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. ദിലീപിനെ അനുകൂലിച്ച് സംവിധായകന്‍ ലാല്‍ജോസും അജു വര്‍ഗീസും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.