1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2017

സ്വന്തം ലേഖകന്‍: യൂറോപ്പില്‍ വീണ്ടും വാനാക്രൈ സൈബര്‍ ആക്രമണം, വൈറസ് അതിവേഗം പടരുന്നതായി മുന്നറിയിപ്പ്. റഷ്യ, ബ്രിട്ടന്‍, യുക്രെയ്ന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ വാനാക്രൈ സൈബര്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിവേഗം പ്രമുഖ കമ്പനികളുടെ കമ്പ്യൂട്ടറുകളില്‍ വ്യാപിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.

യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ കമ്പനികളെല്ലാം സുരക്ഷാ ഭീഷണിയിലാണ്. ഇന്ത്യയില്‍ തല്‍ക്കാലം ഭീഷണിയില്ലെന്നണ് സൂചന. യുക്രെയ്‌നിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം എന്നതിനാല്‍ യുക്രെയ്ന്‍ നാഷനല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്

പ്രമുഖ ജര്‍മന്‍ പോസ്റ്റല്‍ ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയായ ഡ്യൂഷേ പോസ്റ്റ്, ബ്രിട്ടീഷ് പരസ്യക്കമ്പനിയായ ഡബ്ല്യു.പി.പി എന്നിവിടങ്ങളിലാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങളുടെ കമ്പ്യൂട്ടര്‍ ശൃംഖലയെ ബാധിച്ചതായി പ്രമുഖ അമേരിക്കന്‍ മരുന്നു നിര്‍മാണ കമ്പനിയായ മെര്‍ക്ക് ആന്‍ഡ് കമ്പനി ട്വീറ്റ് ചെയ്തു.

കമ്പ്യൂട്ടറുകളില്‍ കയറി ഫയലുകള്‍ ലോക്ക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുകയുമാണ് വാനാക്രിയുടെ രീതി. രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു ബ്രിട്ടീഷ് ദേശീയ സൈബര്‍ സുരക്ഷാ വിഭാഗം അറിയിച്ചു. അതേസമയം, നേരത്തെ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ ഉത്തരകൊറിയയെന്ന് യുഎസും ബ്രിട്ടനും കണ്ടെത്തി.

ഉത്തര കൊറിയയിലെ മാല്‍വെയറുകളുടെ ഫാക്ടറി എന്നറിയപ്പെടുന്ന ലസാറസ് സംഘമാണു വാനാക്രിയുടെ ഉപജ്ഞാതാക്കളെന്നാണ് ബ്രിട്ടന്റെ നാഷനല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍സിഎസ്!സി) ന്റെ നിഗമനം. കേരളത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫിസ് അടക്കം ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും ഈ ആക്രമണത്തിന് ഇരയായിരുന്നു. ബ്രിട്ടനിലെ ദേശീയ ആരോഗ്യ സര്‍വീസിനെയാണ് ആക്രമണം ഏറ്റവും ദോഷകരമായി ബാധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.