സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനം, ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാന്‍ ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്സിന്റെ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടും തമ്മിലുള്ള ചര്‍ച്ചയിലാണ് ആണവദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനും യു.എന്‍ സുരക്ഷ കൗണ്‍സിലിലെ സ്ഥിരാംഗത്വത്തിനും ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്സ് പിന്തുണ അറിയിച്ചു.
ഒരുതരത്തിലും ഭീകരതയെ ന്യായീകരിക്കാനാകില്ലെന്നും മോദിയും മാര്‍ക്ക് റൂട്ടും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഭീകരത നിര്‍മാര്‍ജനം ചെയ്യുന്നതില്‍ ആഗോളതലത്തില്‍ യോജിച്ച നീക്കമുണ്ടാകണം. ഭീകരതക്കെതിരായ പോരാട്ടം ഭീകരപ്രവര്ത്തകരിലും സംഘടനകളിലും ഒതുങ്ങിനില്ക്കാതെ ഇവര്‍ക്ക് സഹായവും പിന്തുണയും നല്കുന്നവരിലേക്കുകൂടി വ്യാപിപ്പിക്കണമെന്നും പ്രസ്താവന പറയുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ നെതര്‍ലന്‍ഡ്സ് അഞ്ചാമത്തെ ഏറ്റവും വലിയ പങ്കാളിയായതായി മോദി ചൂണ്ടിക്കാട്ടി. ആഗോള ശക്തിയെന്ന നിലക്കുള്ള ഇന്ത്യയുടെ മുന്നേറ്റം സ്വാഗതം ചെയ്യുന്നതായി മാര്‍ക്ക് റൂട്ടും പറഞ്ഞു. ‘ക്ലീന്‍ ഇന്ത്യ’, ‘മേക് ഇന്ത്യ’ തുടങ്ങിയ പദ്ധതികളെ റൂട്ട് പ്രകീര്‍ത്തിച്ചു. ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി മാറിയതായും ഇന്ത്യന്‍ വിപണി നിരവധി സാധ്യതകളൊരുക്കുന്നതായും റൂട്ട് ചൂണ്ടിക്കാട്ടി.
ഇന്ത്യയും യൂറോപ്യന്‍ യൂനിയനും തമ്മില്‍ വ്യാപാര നിക്ഷേപ കരാറിലെത്താനുള്ള ചര്‍ച്ച അതിവേഗം ഫലപ്രാപ്തിയില്‍ എത്തട്ടെയെന്നും മാര്‍ക്ക് റൂട്ട് ആശംസിച്ചു. സാമൂഹിക സുരക്ഷ, ജലസഹകരണം, സാംസ്കാരിക സഹകരണം എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും മൂന്നു ധാരണപത്രങ്ങള്‍ ഒപ്പിട്ടു.ജനാധിപത്യം, മനുഷ്യാവകാശം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും സമാനമൂല്യങ്ങളാണ് പുലര്‍ത്തുന്നതെന്ന് ഇരു പ്രധാനമന്ത്രിമാരും പറഞ്ഞു.
ആഗോള പ്രാധാന്യമുള്ള വിഷയങ്ങളായ കാലാവസ്ഥ വ്യതിയാനം, സുരക്ഷ, സ്വതന്ത്ര വ്യാപാര കരാര്‍, സുസ്ഥിര വികസനം, തുറന്ന സൈബര്‍ സ്പേസ് തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പര സഹകരണം ഉറപ്പുനല്‍കി. യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ 20 ശതമാനം കയറ്റുമതിയും നെതര്ലന്ഡ്സിലൂടെയാണെന്നും യൂറോപ്പിലേക്കുള്ള ഇന്ത്യന്‍ കവാടമായി നെതര്‍ലന്‍ഡ്സിന് നിലകൊള്ളാനാകുമെന്നും മോദി ചൂണ്ടിക്കാട്ടി. പ്രമുഖ കമ്പനികളുടെ മേധാവികളുമായും മോദി ചര്‍ച്ച നടത്തി.
‘അവസരങ്ങളുടെ രാജ്യ’മായ ഇന്ത്യയിലേക്ക് കമ്പനികളുടെ നിക്ഷേപം ക്ഷണിച്ച മോദി റിയല്‍ എസ്റ്റേറ്റ്, പ്രതിരോധ മേഖലകളില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഏഴായിരത്തോളം പരിഷ്കാര നടപടികള്‍ സ്വീകരിച്ചതായും കമ്പനി മേധാവികളോട് വ്യക്തമാക്കി. ഏഴു ശതമാനം വളര്‍ച്ചനിരക്കും 35 വയസ്സില്‍ താഴെയുള്ള 80 കോടി ജനങ്ങളുമുള്ള ഇന്ത്യയില്‍ നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് മൂടിക്കാഴ്ചയില് മോദി ഊന്നിപ്പറഞ്ഞു.
നേരത്തെ ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഡച്ച് വിദേശകാര്യ മന്ത്രി ബെര്‍ട് കോണ്ടേര്സ് വിമാനത്താവളത്തിലെത്തി. മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് നെതര്‍ലന്‍ഡ്സ് സര്‍ക്കാരും ഇന്ത്യന്‍ സമൂഹവും ചേര്‍ന്നൊരുക്കിയത്. മോദി, മോദി എന്ന ആര്‍പ്പുവിളിയാലും ഭാരത് മാതാ ജയ്വിളികളാലും മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു സ്വീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല