സ്വന്തം ലേഖകന്‍: അമേരിക്ക സംസാരിക്കുന്നത് ‘ഇന്ത്യയുടെ ഭാഷ’, കശ്മീര്‍ പ്രശ്നത്തില്‍ യുഎസ് നിലപാടിനെതിരെ പ്രതിഷേധവുമായി പാകിസ്താന്. പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാറാണ് കശ്മീരികളുടെ രക്തം അമേരിക്കക്ക് പ്രധാനമല്ലെന്നും മനുഷ്യാവകാശത്തിന്റെ അന്താരാഷ്ട്ര നിയമങ്ങള്‍ കശ്മീരികള്‍ക്ക് ബാധകമല്ലെന്നുമാണ് തോന്നുന്നതെന്നും ആഞ്ഞടിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി ഭീകരതക്കെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പാകിസ്താന്റെ പ്രതികരണം. കശ്മീരില്‍ ഇന്ത്യ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും സ്വാതന്ത്ര്യസമരക്കാരെ ഭീകരവാദികളായി ചിത്രീകരിക്കുകയാണെന്നും ചൗധരി ആരോപിച്ചു. ഏറ്റവും മോശമായ ഭരണകൂട ഭീകരതയാണ് കശ്മീരില്‍ നടക്കുന്നത്.
കശ്മീരികളുടെ അവകാശകാര്യത്തില്‍ പാകിസ്താന് ഒരു നീക്കുപോക്കിനുമില്ല. യു.എന്‍ പ്രമേയമനുസരിച്ച നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ചൗധരി പറഞ്ഞു. നേരത്തെ ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനെ ആഗോളഭീകരനായി പ്രഖ്യാപിച്ച യു.എസ് നടപടി നീതീകരിക്കാനാവില്ലെന്നും പാകിസ്താന് അഭിപ്രായപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല