സ്വന്തം ലേഖകന്‍: നടിയെ തട്ടിക്കൊണ്ടുപോയ സംഭവം, ദിലീപിനേയും നാദിര്‍ഷയേയും പോലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തു, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, വിവാദം കത്തിനില്‍ക്കെ ‘അമ്മ’ ജനറല്‍ ബോഡി യോഗം. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിനേയും സംവിധായകനും നടനുമായ നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരു മണിക്കുശേഷമാണ് അവസാനിപ്പിച്ചത്. ചോദ്യം ചെയ്യല്‍ 12.30 മണിക്കൂര്‍ നീണ്ടു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തു.
വിശദമായി മൊഴിയെടുത്തെന്നും ചോദ്യം ചെയ്യലായിരുന്നില്ല ഉണ്ടായതെന്നും ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിച്ചു. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ദിലീപ് വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ആരംഭിച്ച മൊഴിയെടുക്കലാണ് അര്‍ധരാത്രിയിലേക്കു നീണ്ടത്. ആലുവ പോലീസ് ക്ലബില്‍ വിളിച്ചവരുത്തിയശേഷമാണു മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്.
എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ മൂന്നു പേരേയും വെവ്വേറെ മുറികളില്‍ ഇരുത്തി ഒറ്റയ്ക്കും പിന്നീട് ഒരുമിച്ചിരുത്തിയും മൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാന്‍ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി നല്കാന് പോകുന്നുവെന്നാണു പോലീസ് ക്ലബിലേക്ക് പുറപ്പെടും മുന്‍പു നടന് ദിലീപ് മാധ്യമങ്ങളോടു പറഞ്ഞത്.
എന്നാല്‍ ഭീഷണിപ്പെടുത്തിയ സംഭവത്തിനു പുറമെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന ഗൂഢാലോചന സംബന്ധിച്ചും ഇരുവരില്‍ നിന്നും വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞെന്നാണു സൂചന. എന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണസംഘം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യലിനു പോകും മുമ്പ് മാധ്യമവിചാരണയ്ക്കു നിന്നുതരില്ലെന്നു ദിലീപ് പറഞ്ഞിരുന്നു.
താരസംഘടനയായ അമ്മയുടെ ജനറല്‍ബോഡിയോഗം ഇന്നു ചേരുന്നതിനാല്‍ താരങ്ങളെല്ലാം കൊച്ചിയിലുണ്ടായിരുന്നെങ്കിലും നടന് സിദ്ദിഖൊഴികെ ആരും ആലുവയിലെ പോലീസ് ക്ലബ്ബിലേക്ക് എത്തിയില്ല. നടിയെ ആക്രമിച്ച സംഭവത്തില്‍ വിവാദം കത്തിനില്‍ക്കെ ചേരുന്ന താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കില്ല. ഷൂട്ടിംഗ് തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നു ചൂണ്ടിക്കാട്ടി നടി മഞ്ജു വാരിയര്‍ ഭാരവാഹികള്‍ക്കു കത്തു നല്കി.
വേറെ പ്രമുഖ താരങ്ങളും യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.
ബുധനാഴ്ച ചേര്‍ന്ന അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ രമ്യ നന്പീശന്, മുകേഷ്, പൃഥ്വിരാജ് എന്നീ താരങ്ങള്‍ പങ്കെടുത്തില്ല. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം അമ്മ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്നസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കുവേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി.എ. ആളൂര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല