സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച സംഭവം, ‘അമ്മയും’ വിമന്‍ ഇന്‍ സിനിമ കളക്റ്റീവും നേര്‍ക്കുനേര്‍, അമ്മയുടെ യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പൊട്ടിത്തെറിച്ച് താരങ്ങള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മ വനിതാ കമ്മീഷന് പരാതി നല്കി. സംഘടന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊച്ചിയില്‍ ഇന്ന് നടന്ന താരസംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടിക്കെതിരായ ആക്രമണം ചര്‍ച്ചയായില്ലെന്നും വനിതാ കൂട്ടായ്മ വെളിപ്പെടുത്തി.
വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ചില്ല. വിഷയം ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതല്ല. ഇരയെ വീണ്ടും ആക്രമിക്കുന്നതിനെതിരെ സ്വന്തം നിലയ്ക്ക് നിലപാട് സ്വീകരിക്കാന്‍ കഴിവുള്ള സംഘടനയാണ്. വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും വിമന്‍ കളക്ടീവ് കൂട്ടിച്ചേര്‍ത്തു. രമ്യ നമ്പീശന്, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവരാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധികളായി ഇന്നത്തെ അമ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത്.
അമ്മ ചെയ്യേണ്ട കാര്യം അമ്മ ചെയ്യും. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അംഗമായതിനാല്‍ അമ്മ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് കൂട്ടിച്ചേര്‍ത്തു. നേരത്തെ അമ്മ യോഗത്തില്‍ നടിയെ ആക്രമിച്ച സംഭവം ചര്‍ച്ചയായില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ആരും വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നയിച്ചില്ലെന്നും ഇന്നസെന്റ് പറഞ്ഞപ്പോള്‍ തന്റെ പേരില്‍ ഉയര്‍ന്ന ആരോപണങ്ങളിലും താന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ചും ദിലീപ് മാധ്യമങ്ങളോട് വിശദീകരിച്ചു.
ദിലീപിനെതിരെ മാധ്യമങ്ങള്‍ ഉന്നയിക്കുന്ന പോലെ ആരോപണങ്ങളില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് നടന് കെ.ബി ഗണേഷ്കുമാര് പറഞ്ഞുതോടെ ബഹളത്തിന് തുടക്കമിട്ടു. കേസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചതോടെ അമ്മ ഭാരവാഹികള്‍ പൊട്ടിത്തെറിച്ചു. ഇന്നസെന്റിനേയും മുതിര്‍ന്ന ഭാരവാഹികളായ മമ്മൂട്ടിയേയും മോഹന്‍ലാലും നിശബ്ദരാക്കിയായിരുന്നു എം.എല്‍.എമാര്‍ കൂടിയായ കെ.ബി ഗണേഷ്കുമാറും മുകേഷും പൊട്ടിത്തെറിച്ചത്. അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് മുകേഷ് നിര്‍ദേശിച്ചു.
അമ്മയുടെ മക്കളെ ആരേയും ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പറഞ്ഞു. ആടിനെ പട്ടിയാക്കി, അതിനെ പേപ്പട്ടിയാക്കി, തല്ലിക്കൊല്ലുതെന്ന് ഗണേഷ് പറഞ്ഞു. നിങ്ങള്‍ എന്തു തന്നെ പറഞ്ഞാലും അമ്മ ഒറ്റക്കെട്ടാണ്. അംഗങ്ങളെ തള്ളിപ്പറയില്ല. എന്തുപ്രശ്നമുണ്ടായാലും സംരക്ഷിക്കുമെന്നും ഗണേഷ് പറഞ്ഞു. ആരു വിചാരിച്ചാലും തങ്ങളുടെ സംഘടനയെ പിളര്‍ത്താന്‍ കഴിയില്ലെന്നും ഗണേഷ് ചൂണ്ടിക്കാട്ടി. അമ്മയുടെ പിന്തുണ ആവശ്യപ്പെട്ട് വിമണ്‍സ് കലക്ടീവ് കത്ത് നല്‍കിയിരുന്നു. അവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും ഗണേഷ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല