സ്വന്തം ലേഖകന്‍: പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി സൗദി ഭരണകൂടം. ഇതു സംബന്ധിച്ച അനുമതി ലഭിച്ചതായി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ജൂണ്‍ 25 മുതല്‍ മുപ്പത് ദിവസത്തേക്കാണ് നിയമലംഘകരായ ആളുകള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടിയത്. ഞായറാഴച മുതല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ പൊതുമാപ്പിന്റെ സേവനം ലഭ്യമാകും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യവുമായി മൂന്നു മാസം മുമ്പാണ് സൗദി പൊതുമാപ്പ് പ്രഖ്യാപിച്ചത്.
ഇത് പ്രയോജനപ്പെടുത്താന്‍ അവസരം ലഭിക്കാത്ത നിയമലംഘകര്‍ക്ക് വലിയ ആശ്വാസമാണ് സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം. ആഭ്യന്തര വകുപ്പുമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ഭാഗങ്ങളിലും നിയമലംഘകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പാസ്പോര്‍ട്ട് വകുപ്പ് മേധാവി കേണല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ചേര്‍ന്ന് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരും നടപടികള്‍ പൂര്‍ത്തിയാക്കാത്തവരും നീട്ടി നല്കിയ കാലയളവ് പരാമവധി ഉപയോഗപ്പെടുത്തണമെന്നും പാസ്പോര്‍ട്ട് മേധാവി ആവശ്യപ്പെട്ടു. മാര്‍ച്ച് 29 മുതലാണ് സൗദിയില്‍ പൊതുമാപ്പ് നിലവില്‍ വന്നത്. 90 ദിവസം നീണ്ട് നിന്ന പൊതുമാപ്പ് റമദാന് അവസാനത്തോടെ സമാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ മുപ്പത് ദിവസത്തേക്ക് കൂടി നീട്ടിയത്. നേരത്തെ ഫൈനല്‍ എക്സിറ്റ് നേടിയിട്ടും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല