1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2017

ബാല സജീവ് കുമാര്‍ (യുക്മ പി.ആര്‍.ഒ): യുക്മയും കേരള ടൂറിസവും കൂടാതെ ഹൈ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും, ഇന്‍ക്രെഡിബിള്‍ ഇന്ത്യയും (ഇന്ത്യ ടൂറിസം) പൂര്‍ണ്ണ സഹകരണത്തോടെ ജൂലൈ മാസം 29നു നടക്കുന്ന കേരള കാര്‍ണിവലും വള്ളം കളിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന യുകെ മലയാളികള്‍ക്ക് ആവേശത്തിന്റെ അലയൊലികള്‍ സമ്മാനിച്ചുകൊണ്ട് കാര്‍ണിവല്‍ നടക്കുന്ന ഡ്രൈകോട്ട് വാട്ടര്‍ റഗ്ബി, സംഘാടകരായ യുക്മക്ക് ഔദ്യോഗികമായി റഗ്ബി മേയര്‍ ബെലിന്‍ഡ ഗാര്‍സിയ തുറന്നു കൊടുത്തു. കേരള സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌ക്കാരികം, പ്രവാസികാര്യം എന്നീ വകുപ്പുകളുമായി സഹകരിച്ചും ഇന്ത്യാ ടൂറിസവും, യുകെയിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായും ചേര്‍ന്ന് യുക്മ ആവിഷ്‌കരിക്കുന്ന ആദ്യ സംരംഭമാണിത്.

വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും, കേരളത്തിന്റെ തനതായ രുചിക്കൂട്ടുകളുടെ വര്‍ക്ക്‌ഷോപ്പുകളും, സുഗന്ധ വ്യഞ്ജനങ്ങളുടെയും, കൈത്തറി കലാരൂപ സ്റ്റാളുകളും ഉള്‍പ്പെടെ പൂര്‍ണ്ണമായും കേരളാ ടൂറിസത്തെ വിപണനം ചെയ്യുന്നതിനുള്ള വേദിയാണ് ഡ്രൈകോട്ട് വാട്ടറില്‍ യുക്മ ഒരുക്കുന്നത്. ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും യുകെയില്‍ യുക്മ ആവിഷ്‌കരിക്കുന്ന നെഹ്‌റു ട്രോഫി മാതൃകയിലുള്ള വള്ളം കളി മത്സരം. ഇതിനു അനുയോജ്യമായ സ്ഥലം എന്ന നിലക്കാണ് വാര്‍വിക്ക്‌ഷെയറിലെ ഡ്രൈകോട്ട് വാട്ടര്‍ തടാകം യുക്മ തിരഞ്ഞെടുത്തതും ഔദ്യോഗികമായി ഏറ്റുവാങ്ങിയതും.

ജൂണ്‍ 27ന് ഡ്രൈകോട്ട് വാട്ടറില്‍ വച്ച് നടന്ന ഹ്രസ്വമായ ചടങ്ങില്‍ വച്ചാണ് റഗ്ബി മേയര്‍ ബെലിന്‍ഡ ഗാര്‍സിയ യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിന് ഔദ്യോഗികമായി വേദി കൈമാറുകയും യുക്മയുടെ പോസ്റ്ററുകള്‍ അനാച്ഛാദനം ചെയ്യുകയും ചെയ്തത്.
സെവേണ്‍ ട്രെന്റ് വാട്ടര്‍ കമ്പനി ഉടമസ്ഥതയിലുള്ള 600 ഏക്കറില്‍ അതികം വിസ്തൃതിയുള്ള ഈ തടാകം യുക്മക്ക് തുറന്നു തരുന്ന വേദിയില്‍ കമ്പനിയുടെ ചീഫ് റേഞ്ചര്‍ ഓഫീസര്‍ ഇയാന്‍ മാര്‍ട്ടിന്‍ ഡെയ്ല്‍ സന്നിഹിതനായിരുന്നു. യുക്മയെ പ്രതിനിധീകരിച്ച് യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, യുക്മ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സുരേഷ് കുമാര്‍, ജോമോന്‍ കുന്നേല്‍, മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ്ജ്, റീജിയണല്‍ ജോയിന്റ് സെക്രട്ടറി നോബി ജോസ്, ടിറ്റു സിറിയക്ക് എന്നിവരടക്കം ഉള്ള പ്രതിനിധി സംഘം സന്നിഹിതരായിരുന്നു. കൂടാതെ നീല്‍ഗിരിസ് ഡയറക്ടര്‍ റെക്‌സ് ജോസും സംഘവും ഈ വിശിഷ്ടഅവസരത്തിനു സാക്ഷികള്‍ ആയി.

ആദ്യ സംരംഭമെന്ന നിലയില്‍ ആശങ്കയോടെ യുക്മ ഏറ്റെടുത്ത ഈ സംരംഭത്തിന് കേന്ദ്ര കേരള സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടൊപ്പം യുകെ മലയാളികളുടെ അകമഴിഞ്ഞ സഹകരണമാണ് ലഭിക്കുന്നത്. 16 ടീമുകളെ ഉള്‍പ്പെടുത്തി നാല് ഹീറ്റ്‌സ് മത്സരങ്ങളും ഫൈനലും സംഘടിപ്പിക്കാന്‍ ആലോചിച്ചിരുന്ന സംഘാടകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് 20 ടീമുകളുടെ രജിസ്‌ട്രേഷനാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയിലെ പ്രധാന പട്ടണങ്ങളെയും അസ്സോസിയേഷനുകളെയും സംഗമങ്ങളെയും കേന്ദ്രീകരിച്ച് ഇപ്പോഴും രജിസ്‌ട്രേഷന് ആയി ടീമുകള്‍ രംഗത്ത് വരുന്നുണ്ട്.

കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെയും, രുചിക്കൂട്ടുകളുടെയും, ശില്‍പ്പകലയുടെയും, ആയുര്‍വേദ ചികിത്സാ രീതികളുടെയും, കളരി തുടങ്ങിയ കായിക പരിശീലനങ്ങളുടെയും, യോഗയുടെയും സ്റ്റാളുകളും ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. ജന്മനാടിനെയും പൈതൃകത്തെയും ഇത്രയേറെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് അവിസ്മരണീയമായ കേരളാ കാര്‍ണിവല്‍ ആന്റ് ബോട്ട് റെയ്‌സ് ഒരുക്കുന്ന ടീമിന് എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നതായി യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ്, യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് തുടങ്ങിയ ഭാരവാഹികള്‍ അറിയിച്ചു.

കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്‌ക്കാരവും, കലാകായിക പാരമ്പര്യവും, ഭക്ഷണവൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. ക്രമമായി വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകളെയും അംഗങ്ങളെയും പരിചയപ്പെടുത്തുകയും തുടര്‍ന്ന് മറ്റു പരിപാടികളുടെ പ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ദൗത്യം യുക്മ ന്യൂസ് ടീം നിര്‍വഹിക്കുന്നതാണ്. കൂടാതെ യുക്മ കേരളാ കാര്‍ണിവല്‍ ആന്റ് ബോട്ട് റെയ്‌സ് സംബന്ധിച്ച എല്ലാ വിവരങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടീമുകളുടെ പരിശീലന സംബന്ധമായ കാര്യങ്ങളും യുക്മ ന്യൂസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.