സ്വന്തം ലേഖകന്‍: കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ പോരാട്ടം, കൊടുംഭീകരനും ലഷ്കര്‍ ഇ തയ്ബ കമാന്‍ഡറുമായ ബാഷിര്‍ ലാഷ്കാരി കൊല്ലപ്പെട്ടു.കഴിഞ്ഞ മാസം കശ്മീരില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ഇതയ്ബ കമാണ്ടറുമായ ബാഷിര്‍ ലഷ്കാരി, ആസാദ് ദാദ എന്നിവരെയാണ് സൈന്യം വധിച്ചത്. തലയ്ക്ക് പത്തുലക്ഷം രൂപ വിലയിട്ട ഭീകരനാണ് കൊല്ലപ്പെട്ട ബാഷിര്‍ ലഷ്കാരി. ഏറ്റുമുട്ടലിനിടെ പ്രദേശവാസിയായ ഒരു സ്ത്രീയും സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ ഒരു യുവാവും കൊല്ലപ്പെട്ടു.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ അനന്ദ്നാഗിലെ ബത്പുര മേഖലയില്‍ സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ പ്രദേശവാസികളെ മറയാക്കി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പ്രദേശവാസികയായ താഹിറ ബീഗം(44) കൊല്ലപ്പെട്ടത്. നാലുപേരെ പരിക്കുകളോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റുമുട്ടല്‍ നടന്ന മേഖലയിലില്‍ പ്രദേശവാസികളും സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ശാദബ് അഹമ്മദ് ചോപ്പന് (21) ആശുപത്രിയില്‍വെച്ച് മരിച്ചു. മുഖത്ത് വെടിയേറ്റ ചോപ്പന്റെ മരണം ശ്രീനഗറിലെ എസ്കെഐഎംഎസ് ആശുപത്രിയില്‍വെച്ചാണ് സ്ഥിരീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭീകരര്‍ മനുഷ്യമറയാക്കിയ 17 പേരെ സൈന്യം മോചിപ്പിച്ചതായും ഭീകരര്‍ ഒളിച്ചിരുന്ന വീട്ടില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പൊലീസ് വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല