സ്വന്തം ലേഖകന്‍: ട്രംപിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍. ചില ഡെമോക്രാറ്റിക് നേതാക്കളാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് പദവി വഹിക്കാനുള്ള മാനസികാവസ്ഥയല്ല ട്രംപിന്റേതെന്നും അതിനാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം.
രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന 25 ആം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ട്രംപിനെ പ്രസിഡന്റ് കസേരയില്‍ നിന്ന് നീക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. അമേരിക്കന്‍ പ്രതിനിധിസഭയിലെ അംഗമായ ജെയ്മി റസ്കിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം നേതാക്കളാണ് ഇത് സംബന്ധിച്ച ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോപണത്തേക്കുറിച്ച് ആരാഞ്ഞപ്പോള്‍ ”അത്യാവശ്യ ഘട്ടത്തില്‍ വന്നാല്‍, രക്ഷക്കായി ഏത് ചില്ലും തല്ലിപ്പൊട്ടിക്കാറാണ് പതിവ്” എന്നായിരുന്നു റസ്കിന്റെ മറുപടി.
ജനുവരിയില്‍ ട്രംപ് അധികാരമേറ്റത് മുതല്‍ രാജ്യത്ത് ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളും ട്രംപ് ഭരണകൂടത്തിന്റെ ചില നടപടികളും മാത്രം പരിശോധിച്ചാല്‍ പ്രസിഡന്റ് പദത്തിന് യോജിച്ചയാളല്ല അദ്ദേഹമെന്ന് മനസിലാകുമെന്നും അതിനാലാണ് ഇത്തരം ഒരു ആവശ്യം മുന്നോട്ടുവക്കുന്നതെന്നും റസ്കിന് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ചില പ്രതിനിധി സഭാംഗങ്ങളുടെ പിന്തുണയും റസ്കിനും സംഘവും ഉറപ്പാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല