സ്വന്തം ലേഖകന്‍: പശു സംരക്ഷകരുടെ വിക്രിയകള്‍ കാരണം സഹികെട്ടു, അക്രമികള്‍ക്കെതിരെ ആയുധമെടുക്കുമെന്ന ഭീഷണിയുമായി രാംഗഡിലെ മുസ്ലീം സ്ത്രീകള്‍. ബീഫ് കടത്തിയെന്നാരോപിച്ച് രാംഗഡില്‍ ഒരാളെക്കൂടി തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം സ്ത്രീകളുടെ മുന്നറിയിപ്പ്. വ്യാഴാഴ്ചയാണ് പശു സംരക്ഷണത്തിന്റെ പേരില്‍ അസ്ഗര്‍ അലി എന്നയാളെ പ്രകോപിതരായ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്.
പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് അകമായിരുന്നു അസ്ഗര്‍ അലിയുടെ ദാരുണ കൊലപാതകം. പശു സംരക്ഷകരുടെ അക്രമത്തില്‍ നിന്നും പോലീസോ സര്‍ക്കാരോ തങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് രാംഗഡിലെ മുസ്ലീം സ്ത്രീകള്‍ പറഞ്ഞു. ആള്‍ക്കൂട്ട അക്രമത്തിന് അതേ ഭാഷയില്‍ മറുപടി നല്‍കുമെന്ന് വ്യാഴാഴ്ച കൊല്ലപ്പെട്ട അസ്ഗറിന്റെ ഭാര്യ മറിയം ഖതൂം പറഞ്ഞു.
പശു സംരക്ഷണത്തിന്റെ പേരില്‍ മുസ്ലീം പുരുഷന്മാരെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്ന രീതിയാണെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ജൂണില്‍ ജാര്‍ഖണ്ഡിലെ ഗിരിധില്‍ ഡയറി ഫാം ഉടമയായ ഒരു മുസ്ലീമിനെ ഇരുനൂറോളം വരുന്ന അക്രമികള്‍ തല്ലിക്കൊന്നിരുന്നു. മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന പശു സംരക്ഷകരുടെ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് അസ്ഗറിന്റെ ഭാര്യ മറിയം പറഞ്ഞു.
ഇത്തരം അക്രമങ്ങള്‍ യാദൃശ്ചികമല്ല. ഭരണകൂടത്തിന്റെ പിന്തുണയോടെ മനഃപൂര്‍വം നടക്കുന്ന അക്രമങ്ങളാണെന്നും മറിയം കൂട്ടിച്ചേര്‍ത്തു. വീട്ടിലെ പുരുഷ അംഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന സാഹചര്യമാണ്. സ്ത്രീകള്‍ ഭയാശങ്കയിലാണ് കഴിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല