സ്വന്തം ലേഖകന്‍: സിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ കാര്‍ ബോംബ് സ്ഫോടന പരമ്പര, മൂന്നു ചാവേറുകള്‍ ഉള്‍പ്പെടെ 18 പേര് കൊല്ലപ്പെട്ടു. പ്രസിഡന്റ് ബശാറുല്‍ അസദിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് അധികൃതരെ ഞെട്ടിച്ചുകൊണ്ടുള്ള ചാവേര്‍ ആക്രമണ പരമ്പര. നഗര ഹൃദയത്തിലൂടെ ചാവേര്‍ ഓടിച്ച കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞപ്പോഴാണ് പൊട്ടിത്തെറിച്ചത്. നഗരത്തിന്റെ മറ്റൊരു ഭാഗത്ത് വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു മറ്റു രണ്ട് കാര്‍ സ്ഫോടനങ്ങള്‍.
മൂന്ന് ചാവേറുകള്‍ സഹിതം 18 പേര് കൊല്ലപ്പെട്ടുവെന്ന് പ്രതിപക്ഷ ഗ്രൂപ്പായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റസാണ് അറിയിച്ചത്. എട്ട് പേര് കൊല്ലപ്പെട്ടുവെന്നും 13 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് സിറിയന്‍ ഔദ്യോഗിക ടെലിവിഷന്റെ റിപ്പോര്‍ട്ട്. ഈദ് അവധി കഴിഞ്ഞുള്ള ആദ്യത്തെ പ്രവൃത്തി ദിനത്തിലാണ് അതീവ സുരക്ഷയുള്ള സിറിയന്‍ തലസ്ഥാനത്തു തന്നെ ആക്രമണം അരങ്ങേറിയത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐ.എസാണെന്ന് കരുതുന്നു. നഗരത്തില്‍ ഈയിടെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം അല്‍ഖാഇദയും ഐ.എസുമാണ് ഏറ്റെടുത്തിരുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബസുകള്‍ക്കു നേരേയും കോടതി കെട്ടിടങ്ങള്‍ക്കു നേരേയും നടന്ന ആക്രമണങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. പ്രാധന നഗരങ്ങളില്‍ ഭൂരിഭാഗവും അസദ് സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വന്നിരിക്കയാണ് സ്ഫോടനങ്ങള്‍. പട്ടണങ്ങളം നഗരപ്രാന്തങ്ങളും തകര്‍ത്തുകൊണ്ടും കനത്ത സാമ്പത്തിക വില നല്കിക്കൊണ്ടുമാണ് അസദ് രാജ്യത്ത് അവശേഷിക്കുന്ന ജനങ്ങള്‍ പാര്‍ക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചത്.
2011 ല്‍ സിറിയന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം ദശലക്ഷക്കണക്കിന് സിറിയക്കാരാണ് അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിതരായത്. സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സുരക്ഷ നിലനിര്‍ത്താന്‍ അസദ് സൈന്യം കനത്ത വെല്ലുവിളികളാണ് നേരിടുന്നത്. കഴിഞ്ഞ മാര്‍ച്ചിലും ഡമാസ്കസില്‍ തുടര്‍ച്ചയായ ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. നിരവധി പേരാണ് അന്ന് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല