സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, സൈബര്‍ സുരക്ഷ, ബഹിരാകാശ ഗവേഷണം, കൃഷി എന്നിവ പ്രധാന വിഷയങ്ങള്‍, പലസ്തീന്‍ വിഷയത്തില്‍ സ്പര്‍ശിക്കാതെ പ്രധാനമന്ത്രി. മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകുമ്പോള്‍ ബഹിരാകാശ സഹകരണം, കൃഷി– ജല സംരക്ഷണം, സിഇഒ ഫോറം എന്നീ മൂന്നു കാര്യങ്ങളില്‍ ഇന്ത്യയും ഇസ്രയേലും ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാന ഊന്നല്‍ അടുത്ത 25 വര്‍ഷത്തേക്ക് കൃഷി, ജലസംരക്ഷണം എന്നിവയിലുള്ള സഹകരണം സംബന്ധിച്ചാകും. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സവിശേഷമാണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം സ്ഥാപിച്ചതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തിലെ തന്റെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സുരക്ഷാ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ പങ്കാളിത്തം എന്ന വിഷയം ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് സൂചന.
ഇസ്രയേലിന്റെ മണ്ണില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാലുകുത്തുമ്പോള്‍ ആ സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേല്‍. മോദിയുടെ സന്ദര്‍ശന വിജയം അഭിമാന പ്രശ്‌നമായി കാണുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിലും പ്രതിപക്ഷ നേതാവുമായുള്ള ചര്‍ച്ചയിലുമൊഴികെ ബാക്കി എല്ലായിടത്തും മോദിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യന്‍ വംശജരായ ഇസ്രയേല്‍കാരുമായുള്ള കൂടിക്കാഴ്ചയില്‍ വരെ നെതന്യാഹു ഒപ്പമുണ്ടാകും.
ലോകത്തെ ഏറ്റവും പ്രാധാന്യമുള്ള പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹം ഇസ്രേയലുമായി പല മേഖലകളിലും മികച്ച ബന്ധം ആഗ്രഹിക്കുന്നു. പ്രധാനമായും ഇസ്രേയലുമായി സൈബര്‍ മേഖലയില്‍ കൂടുതല്‍ സഹകരണമുണ്ടാകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുന്നതായും നെതന്യാഹു പറഞ്ഞിരുന്നു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വികസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 25 ആം വാര്‍ഷികത്തില്‍ നടത്തുന്ന സന്ദര്‍ശനം, പലസ്തീന്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഇസ്രായേലുമായുള്ള ബന്ധം വളര്‍ത്തുന്നത് പലസ്തീന്‍ ജനതയോടുള്ള സമീപനത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ലെന്നു വരുത്താന്‍ മുന്‍കാലങ്ങളില്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രപതിക്കു പുറമെ 2000, 2012, 2016 വര്‍ഷങ്ങളില്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രിമാരും ഫലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനമായ റാമല്ല സന്ദര്‍ശിച്ചാണ് മടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല