സ്വന്തം ലേഖകന്‍: സ്മൃതി മന്ദാന, ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ പുതിയ രാജകുമാരി. സ്മൃതി മന്ദാനയെന്ന മഹാരാഷ്ട്രക്കാരിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങളിലെ സംസാര വിഷയം. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമായി വളരുകയാണ് സ്മൃതി. വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന സ്മൃതി ഇംഗ്ലണ്ടിനെതിരെ 90 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിനെതിരെ മിന്നുന്ന സെഞ്ചുറിയുമായി ആരാധകരെ ആവേശം കൊള്ളിക്കുകയും ചെയ്തു.
ബോളിവുഡിലെ സുന്ദരിമാര്‍ക്കും പാക് വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്കും അഴകിന്റെ കാര്യത്തില്‍ സ്മൃതിയെ പിന്നിലാക്കാനാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സ്മൃതിയോട് പ്രണയമാണെന്ന് പറഞ്ഞ് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. ബോളിവുഡ് താരം ശ്രദ്ധ കപൂറുമായും സ്മൃതിയെ താരതമ്യം ചെയ്യുന്നവരുണ്ട്. പെണ്‍കുട്ടികള്‍ക്ക് കോലിയോടാണ് ക്രഷ് തോന്നുന്നെങ്കില്‍ ആണ്‍കുട്ടികളുടെ ക്രഷ് സ്മൃതിയാണെന്നാണ് ഒരു ആരാധകന്റെ ട്വീറ്റ്.
1996 ജൂലായ് 18ന് മുംബൈയിലാണ് സ്മൃതി ജനിച്ചത്. ക്രിക്കറ്റ് കണ്ടും കളിച്ചും വളര്‍ന്ന ബാല്യമായിരുന്നു സ്മൃതിയുടേത്. അച്ഛനും സഹോദരനും ജില്ലാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളായിരുന്നു. ഒമ്പതാം വയസ്സില്‍ മഹാരാഷ്ട്ര അണ്ടര്‍15 ടീമിലെത്തിയ സ്മൃതി 11 ആം വയസ്സില്‍ അണ്ടര്‍ 19 ടീമംഗമായി. 2013ല്‍ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി നേടിയ സ്മൃതി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമാണ്.
അണ്ടര്‍19 ടൂര്‍ണമെന്റില്‍ 150 പന്തില്‍ നിന്ന് 224 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. അതേ വര്‍ഷം ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. 2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2016 ഐ.സി.സി വനിതാ ടീമിലെ ഏക ഇന്ത്യന്‍ താരമാണ് ഇരുപതുകാരി. ബിഗ് ബാഷ് ലീഗില്‍ കളിച്ച രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരവും. ഇന്ത്യക്കായി ലോക കപ്പ് ഉയര്‍ത്തുകയാണ് തന്റെ സ്വപ്നമെന്ന് പറയുന്നു ജൂലായ് 16ന് 21 മത് പിറന്നാള്‍ ആഘോഷിക്കുന്ന സ്മൃതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല