സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം, സ്വീകരിക്കാന്‍ നേരിട്ടെത്തി ഹിന്ദിയില്‍ സ്വാഗതമോതി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു, ഹീബ്രുവില്‍ മറുപടി പറഞ്ഞ് മോദി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെല്‍അവീവ് വിമാനത്താവളത്തിലെത്തിയ മോദിയെ പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു.
പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ജറുസലേമില്‍ നടക്കുന്നത്. ഭീകരവാദത്തിനെതിരെ ഒന്നിച്ചു നില്ക്കാന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലില്‍. വികസനകാര്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകും ഇസ്രയേല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മികച്ച തുടക്കമായിരിക്കും ഈ സന്ദര്‍ശനമെന്നും മോദി പറഞ്ഞു. ഹീബ്രുവിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.
ഹിന്ദിയില്‍ സ്വാഗതമാശംസിച്ചാണ് നെതന്യാഹു മോദിയെ സ്വീകരിച്ചത്. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും നിങ്ങള്‍ യാഥാര്‍ഥ മിത്രമാണെന്നും നെതന്യാഹു പറഞ്ഞു. നമുക്ക് ഒരുമിച്ച് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാകും. കാലങ്ങളായി അങ്ങയെ കാത്തിരിക്കുകയാണ് ഞങ്ങള്‍. തുറന്ന കൈകളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ സന്ദര്‍ശനത്തില്‍ മേക്ക് ഇന്‍ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു.
മാര്‍പാപ്പയ്ക്കും യുഎസ് പ്രസിഡന്റിനും നല്കിയതുപോലുള്ള വരവേല്‍പ്പാണു മോദിക്കായും ഒരുക്കിയിട്ടുള്ളത്. കിങ് ഡേവിഡ് ഹോട്ടലിലാണ് മോദിയുടെ താമസം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇവിടെയാണ് താമസിച്ചത്. പ്രമുഖ ആയുധകമ്പനി എല്‍ബിറ്റ് സിസ്റ്റംസിന്റെ തലവന്‍ മൈക്കല്‍ ഫെഡര്മാന്റെ ഉടമസ്ഥതയിലുള്ളതാണു ഹോട്ടല്‍. ട്രംപ് താമസിച്ച അതേ സ്യൂട്ടിലാണ് മോദിയും കഴിയുക. എന്നാല്‍ ട്രംപിന്റെ സന്ദര്‍ശനത്തില്‍നിന്നു വ്യത്യസ്തമായി, ഇസ്രയേല്‍ മോദിക്കു ചുവപ്പ് പരവതാനി സ്വീകരണം ഒരുക്കിയിരുന്നു. മോദിക്കായി ഇന്ത്യന്‍ സസ്യാഹാരമാണു ഹോട്ടലില്‍ തയാറാക്കുന്നത്.
ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മയടക്കം ഇസ്രയേലില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന മിക്ക പരിപാടികളിലും നെതന്യാഹു മോദിയോടൊപ്പം ഉണ്ടാകും. ഹൈഫയിലുള്ള സെമിത്തേരിയില്‍ അടക്കംചെയ്തിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് സന്ദര്‍ശനത്തിനിടെ മോദി ആദരം അര്‍പ്പിക്കും. ജൂതകൂട്ടക്കൊലയില്‍ മരിച്ചവരുടെ സ്മാരകമായ ജറുസലേമിലെ യാദ് വഷേം സന്ദര്‍ശിച്ച മോദി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. നെതന്യാഹുവിനൊപ്പം ഡാന്സിഗര് ‘ഡാന്‍’ പൂപ്പാടം മോദി സന്ദര്‍ശിച്ചു.മോദിയുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി ഇസ്രയേല്‍ ഒരു പൂവിന് ‘മോദി’ എന്ന് പേരിട്ടു. ഇസ്രയേലി ക്രിസാന്തെമം പൂവാണ് ഇനിമേല്‍ ‘മോദി’ എന്ന് അറിയപ്പെടുക.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. ഇസ്രയേലിനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ നയപരമായി സ്വീകരിക്കാന്‍ പോകുന്ന മാറ്റത്തിന്റെ പരസ്യ പ്രഖ്യാപനമായാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ഇന്ത്യഇസ്രയേല്‍ ബന്ധത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവേളയാണ് മോദി സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലംതൊട്ട് തന്റെ ഇസ്രയേല്‍ ചായ്വ് പരസ്യമായി പ്രകടിപ്പിച്ച മോദി പലസ്തീന് സന്ദര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല